'രാസലഹരി ഇല്ല, കഞ്ചാവ് വലിക്കും, കള്ള് കുടിക്കും, ലോക്കറ്റിലുള്ളത് പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ല'; വേടന്റെ പ്രതികരണം

പുലിപ്പല്ല് കൈവശം വെച്ച കേസിൽ റാപ്പ് ഗായകൻ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ്‌ മുരളിയെ അൽപസമയത്തിനുള്ളിൽ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും. മൃഗവേട്ടയടക്കം ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തിയാണ് വേടനെതിരെ വനം വകുപ്പ് നടപടി. വേടനെതിരെ വനംവകുപ്പ് ഏഴു വർഷംവരെ തടവ് ലഭിക്കുന്ന കുറ്റമാണ് ചുമത്തിയത്.

അതേസമയം താൻ കഞ്ചാവും വലിക്കുകയും കളള് കുടിക്കുകയും ചെയ്യുന്ന ആളാണെന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇക്കാര്യം എല്ലാവർക്കും അറിയാമെന്നും വേടൻ പറഞ്ഞു. രാസലഹരി ഉപയോ​ഗിക്കാറുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു വേടന്റെ മറുപടി. തന്റെ മാലയിൽ ലോക്കറ്റായി ഉപയോ​ഗിച്ചിരിക്കുന്ന പുലിപ്പല്ല് യഥാർത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ലെന്നും വേടൻ പറഞ്ഞു.

പുലിപ്പല്ല് കൈവശം വെച്ച കേസിൽ നേരത്തേ വേടനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം വനംവകുപ്പ് കേസെടുത്തിരുന്നു. തമിഴ്‌നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്റെ മൊഴി. നേരത്തേ, തായ്‌ലാൻഡിൽ നിന്നാണ് ഇത് ലഭിച്ചതെന്ന് വേടൻ മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

Read more

വേടനും സുഹൃത്തുക്കളും താമസിച്ചിരുന്ന ഫ്ലാറ്റിൽ തിങ്കളാഴ്ച പോലീസ് നടത്തിയ പരിശോധനയിൽ ആറു ഗ്രാം കഞ്ചാവും ഒൻപതര ലക്ഷം രൂപയുമായിരുന്നു കണ്ടെടുത്തത്. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചെങ്കിലും, വേടൻ അണിഞ്ഞിരുന്ന മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് കണ്ടെത്തിയതോടെ വനം-വന്യജീവി വകുപ്പ് കേസെടുത്ത് രാത്രിയോടെ അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.