തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരായ വധശ്രമക്കേസ് റദ്ദാക്കും. യുഡിഎഫ് കൗണ്‍സിര്‍മാര്‍ക്കെതിരെ വധശ്രമം നടന്നിട്ടില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാണ് ആവശ്യം. തൃശൂര്‍ കോര്‍പ്പറേഷനില്‍ വച്ച് കൗണ്‍സിലര്‍മാര്‍ മേയറെ തടഞ്ഞപ്പോള്‍ കാര്‍ ഓടിച്ചുകയറ്റി എന്നായിരുന്നു പരാതി.
എന്നാല്‍ കാര്‍ മനഃപൂര്‍വ്വം ഓടിച്ച് കയറ്റിയതല്ല. ഓടിത്തുടങ്ങിയ വാഹനത്തിന് മുന്നില്‍ കൗണ്‍സിലര്‍മാര്‍ തടസ്സം ഉണ്ടാക്കുകയായിരുന്നു എന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കോര്‍പ്പറേഷനില്‍ ചെളിവെള്ളമാണ് കുടിവെള്ളമായി വിതരണം ചെയ്യുന്നത് എന്നാരോപിച്ചായിരുന്നു കൗണ്‍സിലര്‍മാര്‍ പ്രതിഷേധം നടത്തിയത്. കൗണ്‍സില്‍ യോഗത്തില്‍ മേയറുടെ കോലത്തില്‍ ചെളിവെള്ളം ഒഴിച്ചായിരുന്നു പ്രതിഷേധം. തുടര്‍ന്ന് യോഗം നിര്‍ത്തി ഇറങ്ങിയ മേയറെ കാറിന് മുന്നിലെത്തി പ്രതിഷേധക്കാര്‍ തടഞ്ഞു. കാര്‍ മുന്നോട്ട് എടുത്തതോടെ വനിത കൗണ്‍സിലര്‍ ഉള്‍പ്പടെ ചിലര്‍ക്ക് പരിക്കേറ്റിരുന്നു.
ഇടിച്ചു തെറിപ്പിക്കുന്ന തരത്തിലാണ് ഡ്രൈവര്‍ കാര്‍ മുന്നോട്ട് എടുത്തതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. കൗണ്‍സിലര്‍മാരുടെ പരാതിയില്‍ മേയര്‍ക്കെതിരെയും കേസെടുത്തിരുന്നു.മേയര്‍ക്കും, ഡ്രൈവര്‍ ലോറന്‍സിനുമെതിരെ കൊലപാതക ശ്രമത്തിനാണ് കേസെടുത്തത്.
ഇതിന് പിന്നാലെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന മേയറുടെ പരാതിയില്‍ അഞ്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെയും കേസെടുത്തിരുന്നു. മേയറുടെ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സംഘര്‍ഷം ഉണ്ടാക്കി, പെട്രോള്‍ കൊണ്ടുവന്ന് തീ കൊളുത്തി മേയറെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. കൗണ്‍സിലര്‍മാരായ രാജന്‍ പല്ലന്‍, ജോണ്‍ ഡാനിയേല്‍, ലാലി ജെയിംസ്, ശ്രീലാല്‍ ശ്രീധര്‍, എ.കെ സുരേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.