'വിമാനത്താവളത്തില്‍ ഓട്ടോറിക്ഷ അനുവദിക്കില്ല'; ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരെ കയറ്റാനായി ഓട്ടോറിക്ഷകളെ അനുവദിക്കണമെന്ന ഹര്‍ജി അംഗീകരിക്കാതെ ഹൈക്കോടതി. നെടുമ്പാശ്ശേരി വില്ലേജിലെ ഓട്ടോഡ്രൈവര്‍മാരായ പി കെ രതീഷും കെഎം രതീഷും സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.

പൊതു താല്‍പര്യവും സുരക്ഷയും കണക്കിലെടുത്ത് ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സിയാലിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.സിയാല്‍ പരിസരത്ത് ടാക്സി കാറുകള്‍ അനുവദിക്കുന്നുണ്ടെങ്കിലും ഓട്ടോറിക്ഷകളില്‍ ആളെ എടുക്കുന്നതിനെ അനുവദിച്ചിരുന്നില്ല.

ഇതേതുടര്‍ന്നാണ് തങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി ഓട്ടോ ഡ്രൈവര്‍മാര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അനു ശിവരാമന്‍ എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ നിയമവും ചട്ടവും അനുസരിച്ച് വിമാനത്താവളങ്ങളും പരിസരവും നിയന്ത്രിത മേഖലയാണെന്ന് ചൂണ്ടിക്കാണിച്ച് ഹര്‍ജി തളളുകയായിരുന്നു.

വിമാനത്താവളത്തില്‍ ഓട്ടോറിക്ഷ സര്‍വ്വീസ് നടത്താന്‍ അനുവദിക്കാത്തത് തൊഴില്‍ അവകാശ ലംഘനമാണെന്ന വാദം നിലനില്‍ക്കില്ലെന്നും അത് സുരക്ഷാകാരണങ്ങളാല്‍ അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.