മുട്ടിൽ മരംമുറി കേസിലെ അന്വേഷണ ചുമതലയിൽ ഡിവൈഎസ്പി ബെന്നി തുടരും; മാറ്റണമെന്ന ആവശ്യം തള്ളി ഡിജിപി

മുട്ടിൽ മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥ സ്ഥാനത്ത് തിരൂർ ഡിവൈഎസ്പി വിവി ബെന്നി തുടരും. മരംമുറിക്കേസിലെ പ്രതികള്‍ ഗൂ‍ഢാലോചന നടത്തുന്നതിനാൽ അന്വേഷണ ഉദ്യോഗസ്ഥ സ്ഥാനത്ത് നിന്നും തന്നെ മാറ്റണമെന്ന ഡിവൈഎസ്പി ബെന്നിയുടെ ആവശ്യം ഡിജിപി തള്ളി. മരംമുറിക്കേസിൽ കുറ്റപത്രം വേഗത്തിൽ നൽകാനും ഡിജിപി നിർദ്ദേശിച്ചു.

വയനാട് മുട്ടിലെ പട്ടയ ഭൂമിയിൽ നിന്നും വ്യാജ രേഖകളുണ്ടാക്കി കോടികളുടെ രാജകീയ മരങ്ങള്‍ മുറിച്ചു കടത്തിയ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനാണു തിരൂർ ഡിവൈഎസ്പി വിവി ബെന്നി. കർഷകരെ കബളിപ്പിച്ചും വ്യാജ രേഖകളുണ്ടാക്കിയും കോടികള്‍ വിലമതിക്കുന്ന മരങ്ങളാണ് മുറിച്ച് പെരുമ്പാവൂരിലേക്കുള്ള മില്ലിലേക്ക് കടത്തിയത്. ചില ലോഡുകള്‍ കടത്തുന്നിനിടെ പൊലീസ് പിടികൂടി.

ക്രൈം ബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തിലെ പ്രധാനപ്പെട്ട കേസാണ് മുട്ടിൽ മരംമുറി. ഈ കേസിൽ മുഖ്യപ്രതികളായ അഗസ്റ്റിൻ സഹോദരൻമാരെ അറസ്റ്റ് ചെയ്യതും തെളിവുകള്‍ ശേഖരിച്ചതും ഡിവൈഎസ്പി ബെന്നിയാണ്. പട്ടയഭൂമിയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാനാണ് ഭൂഉടമകള്‍ക്ക് സർക്കാർ ഉത്തരവ് പ്രകാരം അനുമതി നൽകിയിരുന്നത്.

ഇത് മറയാക്കി അഗസ്റ്റിൻ സഹോദരങ്ങള്‍ കർഷകരുടെ പേരിൽ വ്യാജ രേഖയുണ്ടാക്കി മരംമുറിച്ച് കടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. പണം നൽകി സ്വാധീച്ചാണ് മരം മുറിച്ചതെന്ന് കർഷകരും മൊഴി നൽകിയിരുന്നു. പൊലീസും വനംവകുപ്പും പിടിച്ചെടുത്ത മരങ്ങള്‍ മുട്ടിലിൽ നിന്നും മുറിച്ചു കടത്തിയതാണെന്ന് പീച്ചിയിലെ വന ഗവേഷണ കേന്ദ്രത്തിന്റെ ഡിഎൻഎ പരിശോധന ഫലം കൂടിയത്തോടെ അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കാൻ ആരംഭിച്ചു.

Read more

ഇതിനിടെയാണ് താനൂരിൽ മയക്കുമരുന്ന കേസിലെ പ്രതി കസ്റ്റഡിയിൽ വെച്ച് മരിക്കുന്നത്. കസ്റ്റഡി മരണത്തിൽ പങ്കുണ്ടെന്നുള്ള വ്യാജ പ്രചരണം മരംമുറികേസിലെ പ്രതികള്‍ നടത്തുന്നതിനാൽ അന്വേഷണ സ്ഥാനത്തു നിന്നും തന്നെ മാറ്റണമെന്നായിരുന്നു ബെന്നിയുടെ ആവശ്യം. ഈ ആവശ്യമാണ് ഡിജിപി തള്ളിയത്. വിവി ബെന്നി നിലവിൽ തിരൂർ ഡിവൈഎസ്പിയായും തുടരുകയാണ്.