കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ (കെഎഎസ്) ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ മാറ്റമില്ല. കെഎഎസ് ഉദ്യോഗസ്ഥര്‍ക്ക് 81,800 രൂപ തന്നെ അടിസ്ഥാന ശമ്പളമായി നല്‍കാന്‍ തീരുമാനിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. കെഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഐഎഎസിനെക്കാള്‍ കൂടുതല്‍ ശമ്പളം നിശ്ചയിച്ച തീരുമാനത്തില്‍ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ നടത്തിയ പ്രതിഷേധം ഫലം കണ്ടില്ല.
കെഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഐഎഎസ് ഉദ്യോഗസ്ഥരേക്കാള്‍ കൂടുതല്‍ ശമ്പളം നിശ്ചയിച്ചതില്‍ എതിര്‍പ്പ് അറിയിച്ചു കൊണ്ട് ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് അസോസിയേഷനുകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. സ്പെഷ്യല്‍ പേ അനുവദിക്കണമെന്നും 10,000 മുതല്‍ 25,000 വരെ പ്രതിമാസം അധികം നല്‍കണമെന്നും ഐഎഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ കെഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കാനുള്ള തീരുമാനം മന്ത്രിസഭ പുനഃപരിശോധിക്കണമെന്ന ആവശ്യവും കത്തില്‍ ഉന്നയിച്ചിരുന്നു.
Read more
കെഎഎസ് ഉദ്യോഗസ്ഥര്‍ക്ക് 81,800 രൂപ അടിസ്ഥാന ശമ്പളമായി നല്‍കാനാണ് കഴിഞ്ഞ മന്ത്രിസഭാ യോഗം നിശ്ചയിച്ചത്. ഇതിന് പുറമെ ഡിഎ, എച്ച്ആര്‍എ എന്നിവയും പത്ത് ശതമാനം ഗ്രേഡ് പേയും, മുന്‍ സര്‍വീസില്‍ നിന്ന് കെഎഎസില്‍ പ്രവേശിക്കുന്നവര്‍ക്ക് പരിശീലന കാലയളവില്‍ അവര്‍ക്ക് അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ ഏതാണോ കൂടുതല്‍ അത് നല്‍കാനും തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ഇതില്‍ നിന്ന് ഗ്രേഡ് പേ മാത്രം ഒഴിവാക്കി. എന്നാല്‍ ഗ്രേഡ് പേയ്ക്ക് പകരം പരിശീലനം തീരുമ്പോള്‍ 2000 രൂപ വാര്‍ഷിക ഇന്‍ക്രിമെന്റ് നല്‍കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.