ഇത്തവണയും സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ വിളമ്പുക വെജിറ്റേറിയന്‍ ഭക്ഷണം മാത്രമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഈ വര്‍ഷം മുതല്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും ഉണ്ടാകുമെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് സംഘാടക സമിതിയോഗത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ ഉണ്ടാവുകയുളളുവെന്ന്്് മന്ത്രി വെളിപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം വിളമ്പുന്നതിനെതിരെ മാധ്യമ പ്രവര്‍ത്തകനായ ഡോ അരുണ്‍കുമാര്‍ ഫേസ് ബുക്ക് പോസ്റ്റിടുകയും പിന്നീട് അത് വിവാദമാവുകയും ചെയ്തത്. പ്രമുഖ പാചക വിദഗധനായ പഴയിടം മോഹനന്‍ നമ്പൂതിരിയാണ് വര്‍ഷങ്ങളായി സ്‌കൂള്‍ കലോല്‍സവത്തില്‍ വെജിറ്റേറിയന്‍സദ്യ വിളമ്പുന്നത്. ഇതേ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടുത്ത വര്‍ഷം മുതല്‍ നോണ്‍ വെജ് ഭക്ഷണവും വിളമ്പും എന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്‌കരിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു.
എന്നാല്‍ കലോത്സവത്തില്‍ നോണ്‍ വെജ് ഭക്ഷണം വിളമ്പുന്നതില്‍ തനിക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും അങ്ങിനെ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും കായിക മേളയില്‍ മാംസാഹാരം വിളമ്പുന്നവര്‍ തന്റെ സംഘത്തില്‍ തന്നെ ഉണ്ടെന്നുമാണ് പഴയിടം അന്ന് പറഞ്ഞത്.