ഇന്ത്യയുടെ ഒമ്പതാമത്തെ പ്രധാനമന്ത്രിയായി 1991 മുതൽ 1996 വരെ ഭരണം നിർവഹിച്ച പി.വി. നരസിംഹ റാവുവിന്റെ ജന്മശതാബ്ദിയാണ് ഇന്ന്. എന്നാൽ അദ്ദേഹത്തിന്റെ നൂറാം ജന്മ വാർഷിക ദിവസം ഒരു കോൺഗ്രസുകാരനും അദ്ദേഹത്തെ ഓർമ്മിക്കുന്നില്ല എന്ന് അഭിപ്രായപ്പെട്ട് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ.
“കോൺഗ്രസുകാരനായി ജീവിച്ചു കോൺഗ്രസുകാരനായി മരിച്ച, അഞ്ചു വർഷം അഖിലേന്ത്യാ കോൺഗ്രസ് അദ്ധ്യക്ഷനും പ്രധാനമന്ത്രിയുമായിരുന്ന പി.വി. നരസിംഹ റാവുവിനെ ജന്മശതാബ്ദി ദിവസം ഒരു കോൺഗ്രസുകാരനും ഓർമ്മിക്കുന്നില്ല. നെഹ്രു- ഗാന്ധി കുടുംബത്തിനു പുറത്ത് ജനിക്കുന്ന ഏതൊരു കോൺഗ്രസുകാരൻ്റെയും ഗതി ഇതുതന്നെ.” എന്ന് അഡ്വ. എ ജയശങ്കർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
പ്രധാനമന്ത്രിപദവിയിലേക്കുള്ള നരസിംഹ റാവുവിന്റെ ഉയർച്ച രാഷ്ട്രീയമായി പ്രാധാന്യമർഹിക്കുന്നതായിരുന്നു. ഹിന്ദി സംസാരിക്കാത്ത ഒരു പ്രദേശത്ത് നിന്നും ഈ സ്ഥാനത്തേക്ക് എത്തുന്ന രണ്ടാമത്തെ വ്യക്തിയും ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യത്തെയാളുമായിരുന്നു അദ്ദേഹം. സുപ്രധാനമായ നിരവധി ഭരണ പരിഷ്‌ക്കാരങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി, ഇന്ത്യയിൽ വലിയ സാമ്പത്തിക പരിവർത്തനത്തിനും ദേശീയ സുരക്ഷയെ ബാധിക്കുന്ന നിരവധി ആഭ്യന്തര സംഭവങ്ങൾക്കും മേൽനോട്ടം വഹിച്ചു.
നരസിംഹ റാവുവിനെ “ഇന്ത്യൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവ്” എന്ന് വിളിക്കാറുണ്ട്. പിന്നീട് പ്രധാനമന്ത്രിമാരായ അടൽ ബിഹാരി വാജ്‌പേയി, മൻമോഹൻ സിംഗ് എന്നിവർ റാവുവിന്റെ സർക്കാർ ആരംഭിച്ച സാമ്പത്തിക പരിഷ്കരണ നയങ്ങൾ തുടർന്നു.