'കൊക്ക-കോളക്ക് എതിരായ സമരം ശരിയായിരുന്നു, ഒയാസിസ് കമ്പനിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല'; നിയമസഭയിൽ എംബി രാജേഷ്

ഒയാസിസ് കമ്പനിയുമായി സർക്കാർ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് മന്ത്രി എംബി രാജേഷ് നിയമസഭയിൽ. അപേക്ഷ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 10 ഘട്ടമായി പരിശോധന നടത്തിയെന്നും മന്ത്രി പറഞ്ഞു. ആശങ്ക വന്നതിന്റെ അടിസ്ഥാനത്തിൽ വീണ്ടും പരിശോധിച്ചെന്നും മന്ത്രി പറഞ്ഞു.

മലമ്പുഴയിൽ നിന്നും വ്യാവസായിക ആവശ്യങ്ങൾക്ക് വെള്ളം നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും നിലവിൽ മലമ്പുഴ ഡാമിലെ വെള്ളത്തിൽ കുറവ് വരില്ലെന്നും എംബി രാജേഷ് നിയമസഭയിൽ വ്യക്തമാക്കി. കാർഷിക, കുടിവെള്ള ആവശ്യങ്ങൾക്ക് ധാരാളം വെള്ളം ലഭിക്കുമെന്നും എംബി രാജേഷ് പറഞ്ഞു.

കൊക്ക-കോളക്ക് എതിരായ സമരം ശരിയായിരുന്നുവെന്നും ഭൂഗർഭ ജലചൂഷണം, ജല മലിനീകരണം എന്നിവ ഉള്ളതിനാലാണ് സമരം ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒയാസിസ് കമ്പനി ഒരിറ്റ് ഭൂഗർഭ ജലം എടുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒയാസിസ് കമ്പനിക്ക് വേണ്ടി സർക്കാരിന് വാശിയാണെന്നും പ്ലാച്ചിമടയിൽ സമരം ചെയ്തവരാണ് സിപിഐഎമ്മെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

സ്പിരിറ്റ് ഇടപാടിനായി ബിആർഎസ് നേതാവ് കെ കവിത താനുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിലും മന്ത്രി മറുപടി നൽകി. സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ അസുഖ ബാധിതനായി മരിക്കുമെന്നും എംവി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി ആകുമെന്നും തനിക്ക് എക്‌സൈസ് വകുപ്പ് തന്നെ ലഭിക്കുമെന്നും ത്രികാലജ്ഞാനത്തോടെ മനസിലാക്കിയെന്നും രാജേഷ് പരിഹാസത്തോടെ പറഞ്ഞു.