സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങളില്ല; കെ.വി തോമസിനെ നേരിട്ട് പോയി കാണുമെന്ന് വി.ഡി സതീശന്‍

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ തര്‍ക്കങ്ങളില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ വി തോമസ് ദിവസവും പറയുന്നതിന് മറുപടി പറയാനില്ലെന്നും എല്‍ഡിഎഫ് വികസനത്തെ എതിര്‍ക്കുന്നവരാണ്. പ്രളയഫണ്ടിലടക്കം കയ്യിട്ടുവാരിയവരാണെന്നും അദ്ദേഹം പറഞ്ഞു.

പി.ടി തോമസ് മരിച്ചതിന്റെ സഹതാപവോട്ടല്ല ഉദ്ദേശമെന്നും വോട്ടര്‍മാരുടെ ഹൃദയം കീഴടക്കാന്‍ കഴിവുള്ള സ്ഥാനാര്‍ഥിയാണ് ഉമ തോമസ് എന്നും അദ്ദേഹം പ്രതികരിച്ചു.

അതേ സമയം കെ വി തോമസിനെ താന്‍ നേരിട്ട് പോയി കാണുമെന്നും തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ക്ഷണിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ജീവിതാവസാനം വരെ കോണ്‍ഗ്രസുകാരനായി തുടരുമെന്നാണ് കെ വി തോമസ് പറഞ്ഞത്. അങ്ങനെ പറഞ്ഞ ഒരാളില്‍ നിന്ന് മറിച്ച് ചിന്തിക്കുന്നത് നിര്‍ണായകമായ ഈ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തെറ്റ്. താന്‍ തന്നെ അദ്ദേഹത്തെ പോയി കാണും. അതിലൊരു സംശയവുമില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൂടിയാലോചനകള്‍ നടന്നിട്ടില്ലെന്ന് കെ വി തോമസ് ആരോപിച്ചിരുന്നു. ഉമാ തോമസിനോടും പി ടി തോമസിനോടും അടുത്ത ബന്ധവും സൗഹൃദവുമാണുള്ളത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വ്യക്തിബന്ധങ്ങള്‍ക്കല്ല, വികസനത്തിനാണ് പ്രധാന്യമെന്നും താന്‍ വികസന രാഷ്ട്രീയത്തിനൊപ്പമാണെന്നുമാണ് കെ വി തോമസ് പ്രതികരിച്ചത്.