സ്കൂൾ ഉച്ചഭക്ഷണ ഫണ്ട് മാസങ്ങളായി അനുവദിക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മാസങ്ങളായി ഉച്ചഭക്ഷണ ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് സംസ്‌ഥാനത്തെ സ്‌കൂളുകളിലെ ഹെഡ്മാസ്റ്റർമാരും ഹെഡ്മിസ്ട്രസ്മാരും കടുത്ത പ്രതിസന്ധിയിലാണ്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഉച്ചഭക്ഷണ ഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം രൂപവരെ വിദ്യാലയങ്ങൾക്ക് ലഭിക്കാനുണ്ട്.
പ്രധാനധ്യാപകരിൽ പലരും വൻ തുക വായ്പയെടുത്താണ് സ്കൂളിൽ പദ്ധതി നില നിർത്തുന്നത്. പ്രാഥമിക ഘട്ട സമരമെന്ന നിലയിൽ സംസ്ഥാന സർക്കാരിന്റെ പോഷകാഹാര പദ്ധതിയുടെ ഭാഗമായ മുട്ടയും പാലും വിതരണം നിർത്തിവെയ്ക്കാനാണ് അധ്യാപകരുടെ തീരുമാനം. സ്കൂൾ ഉച്ചഭക്ഷണ സമിതി വിളിച്ച് ചേർത്ത് തീരുമാനമെടുത്ത്, ഒക്ടോബർ രണ്ട് മുതൽ പദ്ധതി നിർത്തിവെയ്ക്കാനാണ് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ തീരുമാനിച്ചിട്ടുള്ളത്.
കുടിശിക ഫണ്ട് ഉടൻ ലഭ്യമായില്ലെങ്കിൽ ഉച്ചഭക്ഷണ സമിതിയിൽ പ്രധാനധ്യാപകന്റെ നിസഹായവസ്ഥ ബോധ്യപ്പെടുത്തി, കുട്ടികൾക്ക് ഉച്ചക്കഞ്ഞി നൽകാൻ തീരുമാനമെടുക്കണമെന്നും അസോസിയേഷൻ നിർദേശം നൽകിയിട്ടുണ്ട്. ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് സംസ്ഥാനത്തെ സ്‌കൂളുകളിൽ സൗജന്യമായി ഉച്ചഭക്ഷണം നൽകുന്നത്.
സ്കൂൾ ഉച്ചഭക്ഷണ സമിതി വിളിച്ച് ചേർത്ത് തീരുമാനമെടുത്ത് ഒക്ടോബർ രണ്ട് മുതൽ പദ്ധതി നിർത്തിവെയ്ക്കാനാണ് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ തീരുമാനിച്ചിട്ടുള്ളത്. പാലും മുട്ടയും നിർത്തിവയ്ക്കുന്നതിന് അനുവാദം ചോദിച്ച് ഉപജില്ലാ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഡി.ജി.ഇയ്ക്കും സ്കൂളുകളിലെ ഉച്ചഭക്ഷണ സമിതികൾ യോഗം ചേർന്ന് കത്ത് നൽകാനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.
നവംബർ ഒന്നിന് മുമ്പ് ഉച്ചഭക്ഷണത്തുക വർദ്ധിപ്പിച്ചില്ലെങ്കിൽ സ്കൂൾ ഉച്ചഭക്ഷണ സമിതി ചേർന്ന് പദ്ധതി അനിശ്ചിതമായി നിർത്തിവയ്ക്കാൻ തീരുമാനിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. സമാന ചിന്താഗതിയുള്ള മറ്റ് അദ്ധ്യാപക സംഘടനകളുമായി ചേർന്ന് യോജിച്ച പ്രക്ഷോഭങ്ങൾക്കും രൂപം നൽകാനും തീരുമാനം.
അതേസമയം സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അര്‍ഹമായ വിഹിതം തടഞ്ഞുവെച്ചിരിക്കുകയാണെന്നും കേന്ദ്രത്തിന്റേത് വിചിത്രമായ തടസവാദമാണെന്നും ശിവന്‍കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
കേന്ദ്രവിഹിതം വൈകിപ്പിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്ന ദൗര്‍ഭാഗ്യകരമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നതെന്നും ഇത് പദ്ധതി നടത്തിപ്പിനെ വലിയ പ്രതിസന്ധിയില്‍ എത്തിച്ചിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. കേന്ദ്രവിഹിതം ലഭിക്കുന്നതില്‍ വരുന്ന കാലതാമസം കാരണം സ്‌കൂളുകള്‍ക്ക് പദ്ധതി നടത്തിപ്പിനുള്ള തുക, പാചകത്തൊഴിലാളികള്‍ക്ക് അവരുടെ പ്രതിമാസ ഓണറേറിയം എന്നിവയൊക്കെ സമയബന്ധിതമായി വിതരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനും കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. നിലവിലെ കേസുകൾ വേഗം നടത്തുന്നതിന് ആവശ്യമായ നടപടികൾ അസോസിയേഷൻ സ്വീകരിക്കും. മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഉച്ചഭക്ഷണ – പോഷകാഹാര പദ്ധതികളുമായി ബന്ധപ്പെട്ട ഹെഡ്മാസ്റ്റർമാരുടെ പ്രയാസങ്ങൾ അസോസിയേഷൻ ബോദ്ധ്യപ്പെടുത്തും. കേന്ദ്ര വിഹിതം അനുവദിക്കുന്നതുവരെ അടിയന്തരമായി സംസ്ഥാന സർക്കാർ ബദൽ സംവിധാനം നടപ്പിലാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നുണ്ട്.