എത്ര കോടി ചെലവഴിച്ച് ആർഭാടം വാരിവിതറിയാലും ഭരണപരാജയത്തിൻ്റെ ദുർഗന്ധത്തെ മറയ്ക്കാനാവില്ല: രമേശ് ചെന്നിത്തല

സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രചാരണ ധൂർത്തിന് കേരളസർക്കാർ തയ്യാറെടുക്കുകയാണെന്ന് കോൺഗ്രസ് വർക്കിങ്ങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. പരസ്യത്തിനു വേണ്ടി മാത്രം ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന് 26 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം വൻ കടക്കെണിയിൽ ഉരുകുമ്പോൾ സാമാന്യ മര്യാദയുടെ സകല സീമകളും ലംഘിക്കുന്ന രീതിയിലാണ് സർക്കാർ പ്രചാരണങ്ങൾക്കായി പണം ചിലവഴിക്കുന്നത്.

നാലാം വർഷിക പരിപാടിയുടെ ഭാഗമായി എൻ്ററെ കേരളം 2025 പ്രദർശന വിപണനമേള സംഘടിപ്പിക്കുന്നതിന് 20.715 കോടി രൂപയാണ് നടപ്പ് സാമ്പത്തികവർഷത്തെ ഔട്ട്ഡോർ പബ്ലിസിറ്റി പ്ലാൻ എന്ന ശീർഷകത്തിൽ അനുവദിച്ചത്. 500 ഹോർഡിങ്ങുകളിൽ പരസ്യം നൽകാൻ ഇതിൽ 15.63 കോടി രൂപ വിലയിരുത്തിയിട്ടുണ്ട്. ഡിസൈൻ ചെയ്യുന്നതിനു മാത്രം 10 ലക്ഷം രൂപയും വകുപ്പിന്റെ 35 ഹോർഡിങ്ങുകളുടെ മെയിൻ്റനൻസിന് 68 ലക്ഷം രൂപയുമായണ് വകയിരുത്തിയിട്ടുള്ലത്. എൽഇഡി സ്ക്രീൻ ഉപയോഗിച്ചുള്ല വാഹന പ്രചരണത്തിന് 3.3 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

Read more

ഇതുകൂടാതെ ഈ മേളയുടെ ഏകോപനം, ജില്ലാ തല യോഗങ്ങൾ, കലാസാംസ്‌കാരിക പരിപാടികൾ എന്നിവയ്ക്കായി 5.2 കോടി രൂപയും കൂടി വകയിരുത്തിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തെ സ്പെഷ്യൽ പബ്ലിക് റിലേഷൻസ് ക്യാംപെയ്ൻ പ്ലാൻ എന്ന ശീർഷകത്തിലാണ് ഈ തുക അനുവദിച്ചിട്ടുള്ലത്. മൊത്തം ഈ ധൂർത്തിൻ്റെ പ്രചാരണപ്രവർത്തനങ്ങൾക്കു മാത്രം അനുവദിച്ച തുക 25.915 കോടി വരും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ല തെരഞ്ഞെടുപ്പ് വെറും മൂന്ന് മാസം മാത്രം അകലെ നിൽക്കുമ്പോൾ, നിയമസഭാ തിരഞ്ഞെടുപ്പ് ഒരു വർഷം മാത്രം ദൂരെ നിൽക്കുമ്പോൾ, സമ്പൂർണ്ണമായും സർക്കാർ ചെലവിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കളമൊരുക്കുകയാണ് ഇടതു മുന്നണി ചെന്നിത്തല ആരോപിച്ചു.