ആര് എന്തൊക്കെ പറഞ്ഞാലും തനിക്ക് ഒരു വിഷന്‍ ഉണ്ടെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയിലാണ് താന്‍ ഉള്ളത്. വ്യക്തിപരമായി കുടുംബവുമായി പ്രശ്‌നമില്ലെന്നും അനിൽ ആന്റണി പറഞ്ഞു.
ബിജെപിയിലേക്ക് പോകാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ നിന്നും നേരിട്ട വിമര്‍ശനത്തിൽ പ്രതികരിക്കുകയായിരുന്നു അനിൽ ആന്റണി. വിമര്‍ശനത്തിന്റെ പത്തിരട്ടി പിന്തുണ ലഭിക്കുന്നുണ്ടെന്ന് അനിൽ ആന്റണി പറഞ്ഞു. പത്തനംതിട്ടയിലായിരുന്നു കുടുംബത്തിന് വോട്ടെങ്കില്‍ അച്ഛന്‍ ആന്റണി ഉള്‍പ്പെടെ എല്ലാവരുടെയും വോട്ട് പ്രതീക്ഷിക്കുമായിരുന്നു. താനുള്‍പ്പെടെ എല്ലാവരുടെയും വോട്ട് തിരുവനന്തപുരത്താണ്. അമ്മ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്നയാളാണെന്നും അമ്മ രാഷ്ട്രീയം സംസാരിക്കില്ലെന്നും അനില്‍ ആന്റണി പറഞ്ഞു.
അതേസമയം ദല്ലാള്‍ നന്ദകുമാറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അനില്‍ ആന്റണി വ്യക്തമാക്കി. നന്ദകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ പ്രേരിതമാണ് ആരോപണങ്ങള്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ അടുത്ത നടപടികളിലേക്ക് കടക്കുമെന്നും അനില്‍ ആന്റണി പറഞ്ഞു. പത്തനംതിട്ട മാറ്റം ആഗ്രഹിക്കുന്നുണ്ട്. ആന്റോ ആന്റണി എംപിക്കെതിരായ ജനവികാരം വോട്ടാകും. പ്രതികൂലമായ ഘടകങ്ങള്‍ മണ്ഡലത്തില്‍ ഇല്ലെന്നും അനില്‍ ആന്റണി പറഞ്ഞു.