സംസ്ഥാനത്തെ ലോക്‌സഭാ- നിയമസഭാ മണ്ഡലങ്ങളെ എ ഗ്രേഡ് , ബി ഗ്രേഡ് എന്ന് തിരിക്കുന്ന പരിപാടി നിര്‍ത്താന്‍ മോദിയും അമിത്ഷായും അടങ്ങുന്ന കേന്ദ്ര ബി ജെ പി നേതൃത്വം കേരളാ നേതൃത്വത്തിന് കര്‍ശന നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ തിരിക്കുന്ന നിയോജകമണ്ഡലങങളില്‍ മാത്രം ശ്രദ്ധിക്കുന്നത് പാര്‍ട്ടിയുടെ കേരളത്തിലെ മൊത്തം സാധ്യതയെ ബാധിക്കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ലോക്‌സഭയില്‍ തിരുവനന്തപുരം, തൃശൂര്‍, ആറ്റിങ്ങല്‍ പത്തനം തിട്ട, മാവേലിക്കര, പാലക്കാട് എന്നീ മണ്ഡലങ്ങളെയാണ് വിജയ സാധ്യതയുള്ള എ ഗ്രേഡ് മണ്ഡലങ്ങളായി കണ്ട് തിരഞ്ഞെടുപ്പുകളില്‍ ശക്തമായ പ്രവര്‍ത്തനം നടത്തിയിരുന്നത്. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം രണ്ട് ലക്ഷത്തിന് മുകളില്‍ വോട്ടു തേടാന്‍ കഴിയുന്ന മണ്ഡലങ്ങളെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എ ഗ്രേഡ് മണ്ഡലങ്ങളായി കണക്കാക്കിയിരുന്നത്.
പത്തനം തിട്ടയിലും തിരുവനന്തപുരത്തും മൂന്ന് ലക്ഷത്തിന് മേല്‍ വോട്ടു നേടാന്‍ കഴിഞ്ഞു.കേന്ദ്ര ബി ജെ പി നേതൃത്വം ഈ മണ്ഡലങ്ങള്‍ക്കായി കോടിക്കണക്കിന് രൂപയാണ് ഒരോ തിരഞ്ഞെടുപ്പുകാലത്തും കുത്തിയൊഴുക്കാറുളളത്. മാത്രമല്ല വിവിധ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരും നേതാക്കളും ഈ മണ്ഡലങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മറ്റു മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ജ്ജീവമായി പോകുന്നുവെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കണ്ടെത്തല്‍. അത് കൊണ്ട് ഇനി മുതല്‍ ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലും ഒരേ പോലെ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ബി ജെ പി അഖിലേന്ത്യ നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
നിയമസഭാ മണ്ഡലങ്ങളില്‍ മുപ്പതിനായിരം വോട്ടുകള്‍ നേടാന്‍ കഴിയുന്ന മണ്ഡലങ്ങളാണ് ബി ജെ പി എ ഗ്രേഡ് മണ്ഡലങ്ങളായി കണക്കാക്കുന്നത്. അത്തരത്തില്‍ 35 നിയമസഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.
തിരുവനന്തപുരം, പത്തനതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളിലാണ് ഈ മണ്ഡലങ്ങള്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്ര നേതൃത്വം നല്‍കുന്ന ഫണ്ടിന്റെ കാര്യമായ ഒഴുക്ക് ഈ ഈ മണ്ഡലങ്ങളില്‍ മാത്രമായി പരിമതിപ്പെടുന്ന അവസ്ഥയുമുണ്ടായി. ഇനി അതുണ്ടാകാന്‍ പാടില്ലന്നാണ് ബി ജെ പി അഖിലേന്ത്യാ നേതൃത്വത്തിന്റെ നിലപാട്. കാരണം ആറ് ലോക്‌സഭാ മണ്ഡലങ്ങളിലും മുപ്പത്തഞ്ച് നിയമസഭാ മണ്ഡലങ്ങളിലുമായി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മറ്റു മണ്ഡലങ്ങളിലെ വോട്ടിംഗ് ശതമാനം വളരെ താഴോട്ട് പോകുന്നുവെന്നാണ് പാര്‍ട്ടി നേതൃത്വം കണ്ടെത്തിയിട്ടുള്ളത്.