കോട്ടയം മാടപ്പള്ളിയില്‍ സില്‍വര്‍ലൈന്‍ പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിള്‍. പൊലീസ് ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കുകമാത്രമാണ് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.
ചില ആളുകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അവരെ കൊണ്ട് അഭിനയിപ്പിക്കുന്നത് കഴിഞ്ഞ ദിവസം കണ്ടു. സില്‍വര്‍ലൈന്‍ പദ്ധതികൊണ്ട് എനിക്ക് രാഷ്ട്രീയ ലാഭമൊന്നുമില്ല. ഞാന്‍ മാടപ്പള്ളിയിലെ ജനങ്ങള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. അവരുടെ ആശങ്കകള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നും എഎല്‍എ പറഞ്ഞു.
അതേ സമയം മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ വരുദ്ധ പ്രതിഷേധത്തില്‍ കുട്ടിയുമായെത്തിയ ജിജി ഫിലിപ്പിനെതിരെ കേസെടുത്തു. സമരമുഖത്ത് കുട്ടിയെ കൊണ്ടുവന്നതിന് ജുവനൈല്‍ ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. സില്‍വര്‍ ലൈന്‍ അതിരടയാള കല്ല് പിഴുത് മാറ്റിയതിനും കേസെടുത്തിട്ടുണ്ട്. എന്നാല്‍ കുട്ടിയെ മനഃപൂര്‍വ്വം സമരത്തില്‍ എത്തിച്ചതല്ലെന്നും, തന്നെ പൊലീസ് വലിച്ചഴിക്കുന്നത് കണ്ട് കുട്ടി ഓടി വന്നതാണെന്നുമാണ് ജിജി പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് മാടപ്പള്ളിയില്‍ കല്ലിടലിന് എതിരെ പ്രതിഷേധമുണ്ടായത്. സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഉദ്യോഗസ്ഥര്‍ കല്ല് സ്ഥാപിച്ച് പോയെങ്കിലും രാത്രിയില്‍ ആറ് കല്ലുകള്‍ എടുത്ത് മാറ്റിയിരുന്നു. ഇതിനെതിരെയും കേസെടുക്കും. പരസ്യമായി സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞ ഡി.സി.സി പ്രസിഡന്റിനെതിരെയും പൊലീസ് കേസെടുക്കും. നേരത്തെ സമരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ ഉള്‍പ്പടെ 23 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു.