പീഡനക്കേസ് പ്രതിയായ കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍. എല്‍ദോസ് ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നുമാണ് ക്രൈംബ്രാഞ്ച് ആവശ്യം.
ചോദ്യം ചെയ്യലുകളില്‍ പരാതിക്കാരിയുമായുള്ള ബന്ധത്തെ കുറിച്ചും അവര്‍ക്കൊപ്പമുള്ള യാത്രകളെ സംബന്ധിച്ചും എല്‍ദോസ് വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് വിവരങ്ങള്‍. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ച കോടതി എല്‍ദോസിന് നോട്ടീസ് അയച്ചിരുന്നു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക.
ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ എല്‍ദോസിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. നിലവില്‍ നല്‍കിയ മൊഴികളില്‍ വ്യക്തയില്ലാത്തതിനാല്‍ വിശദമായി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നീക്കം. വരും ദിവസങ്ങളില്‍ കളമശ്ശേരി, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ എല്‍ദോസിനെ എത്തിച്ച് തെളിവെടുക്കും.
അതേസമയം അഭിഭാഷകന്റെ ഓഫീസില്‍ വച്ച് യുവതിയെ ആക്രമിച്ചെന്ന കേസില്‍ കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് അന്തിമവാദം കേള്‍ക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.
11 ഉപാധികളുടേയും അഞ്ചു ലക്ഷം രൂപയുടേയും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മൊബൈല്‍ ഫോണും പാസ്പോര്‍ട്ടും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കണം, കേരളം വിട്ടുപോകരുത്, സാമൂഹിക മാധ്യമങ്ങളിലൂടെ ഇരയെ അപകീര്‍ത്തിപ്പെടുത്തരുത്, പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയതാണ് ജാമ്യവ്യവസ്ഥകള്‍്.