മുട്ടില്‍ മരം മുറി കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ സര്‍ക്കാരിന്റെ നിഷ്‌ക്രീയത്വമെന്ന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മരംമുറിയുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലല്ലെന്നായിരുന്നു കോടതി നിരീക്ഷണം. കേസില്‍ സിബിഐ എന്വേഷണം ആവശ്യപ്പെട്ടാണ് തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകുളം നല്‍കിയ ഹര്‍ജി പരിഹരിക്കവേയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം.
മരംമുറി കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്യാത്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്. എന്നാല്‍ കൊവിഡ് സാഹചര്യമായത് കൊണ്ടാണ് പ്രതികളെ പിടികൂടാനാകാത്തത് എന്നായിരുന്നു എജിയുടെ മറുപടി. എന്നാല്‍ കോടതി കണക്കിന് വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. 701 കേസുകളാണ് മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇത്രയധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ട് എത്ര പേരെ അറസ്റ്റ് ചെയ്തുവെന്ന് കോടതി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് ഒരാള്‍ ജാമ്യം നേടിയിരുന്നു എന്ന ദുര്‍ബലമായ വാദമാണ് എജിയുടെ ഭാഗത്ത് നിന്ന് മറുപടിയായി ഉണ്ടായത്. ഇത് “യൂണിവേഴ്‌സല്‍ പ്രതിഭാസ”മാണോ എന്നായിരുന്നു കോടതിയുടെ പരിഹാസം. മുന്നൂറിലധികം മരങ്ങള്‍ മുറിക്കപ്പെട്ടുവെന്നും ഇത് കര്‍ഷകര്‍ നട്ട മരങ്ങളല്ലെന്നും അതിനാല്‍ ഇതൊരു കൃത്യമായ മോഷണമാണെന്നുമുള്ള നിരീക്ഷണം കോടതി നടത്തി.
ഒരാളുടെ ജാമ്യം മറ്റുള്ളവരുടെ അറസ്റ്റ് വൈകിപ്പിക്കുന്നതെന്തിനെന്ന് കോടതി ചോദിച്ചു. ഇത് തെളിവുനശിപ്പിക്കുന്നതിന് ഇടയാക്കും. വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ മുദ്രവെച്ച കവറില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് അറിയിച്ചെങ്കിലും കോടതി സമ്മതിച്ചില്ല. എല്ലാം സുതാര്യമായിരിക്കണമെന്നും അതിനാല്‍ മുദ്ര വെച്ച കവറില്‍ അല്ലാതെ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നുമാണ് കോടതി നിര്‍ദേശിച്ചത്.