പാർട്ടിയോടുള്ള അഭിപ്രായവ്യത്യാസം കൊണ്ടല്ല ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തത് എന്നും തനിക്ക് പ്രായമായതിനാൽ ആണെന്നും ബി.ജെ .പി മുതിർന്ന നേതാവും എം.എൽ.എയുമായ ഒ രാജഗോപാൽ. തനിക്കിപ്പോൾ 93 വയസ്സായെന്നും മുമ്പ് തോൽക്കുമെന്ന് ഉറപ്പായിട്ടുള്ള സ്ഥലങ്ങളിലും താൻ മത്സരിച്ചിരുന്നുവെന്നും ഒ രാജഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നേമത്ത് ഇപ്രാവശ്യം മത്സരിക്കുന്ന കുമ്മനം രാജശേഖരൻ തന്റെ പിൻഗാമിയാണെന്ന് പറയാൻ കഴിയില്ലെന്നും കഴിഞ്ഞ തവണ താൻ മത്സരിച്ചു, ഇപ്രാവശ്യം മത്സരിക്കുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു എന്നും പാർട്ടിയോടുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ അല്ല ഇതെന്നും ഒ രാജഗോപാൽ പറഞ്ഞു. പുതിയ തലമുറക്കാണ് ഇനി അവസരം നൽകേണ്ടത്. മത്സരിക്കുന്നില്ലെങ്കിലും പാർട്ടി പ്രവർത്തനത്തിൽ സജീവമായി ഉണ്ടാകുമെന്നും ഒ രാജഗോപാൽ പറഞ്ഞു .
പാർട്ടിക്ക് ഒരു പ്രദേശത്ത് രണ്ട് പ്രവർത്തകരെ ഉള്ളൂ എങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കണം എന്നായിരുന്നു തന്റെ രാഷ്ട്രീയ ഗുരുവായിരുന്ന ദീൻ ദയാൽ ഉപാധ്യായ് പറഞ്ഞിരുന്നതെന്ന് രാജഗോപാൽ പറഞ്ഞു. കെട്ടിവെച്ച കാശ് പോലും ലഭിക്കില്ലായിരിക്കാം, എന്നാൽ പാർട്ടിയുടെ ആശയങ്ങളും മറ്റും ജനങ്ങളിൽ എത്തിക്കാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നതായി ഒ രാജഗോപാൽ പറഞ്ഞു.