ലേഖനവിവാദത്തിൽ ശശി തരൂരിനെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഒരു എംപിക്ക് പോലും കേരളത്തെക്കുറിച്ച് നല്ലത് പറയാൻ പറ്റാത്ത അവസ്ഥയാണെന്ന് മന്ത്രി പറഞ്ഞു. എന്തൊരു സൈബർ ആക്രമണമാണ് ശശി തരൂരിന് നേരെ ഉണ്ടാകുന്നതെന്ന് പറഞ്ഞ മന്ത്രി കേരളത്തെക്കുറിച്ച് നല്ലത് പറഞ്ഞതിന് വിലക്ക് നേരിടുകയാണ് തരൂർ എന്നും കുറ്റപ്പെടുത്തി.
കേരളത്തെക്കുറിച്ച് നല്ലത് പറഞ്ഞാൽ അഭിമാനിക്കുക മലയാളികൾ ഒന്നടങ്കം ആണെന്ന് റിയാസ് പറഞ്ഞു. ഒരു എംപിക്ക് പോലും കേരളത്തെക്കുറിച്ച് നല്ലത് പറയാൻ പറ്റാത്ത അവസ്ഥയാണ്.
കേരളത്തെക്കുറിച്ച് നല്ലത് പറഞ്ഞതിന് വിലക്ക് നേരിടുകയാണ് തരൂർ. കേരള വിരുദ്ധ കോൺഗ്രസ്സ് ആയി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മാറിയെന്നും മന്ത്രി പറഞ്ഞു.
അതേസമയം, തരൂരിനെതിരെ രൂക്ഷവിമർശനവുമായി കെ മുരളീധരൻ രംഗത്തെത്തി. പാർട്ടി നയം തള്ളി എല്ലാ കാര്യത്തിലും നേതാക്കൾക്ക് വ്യക്തിപരമായ അഭിപ്രായം പറയാനാകില്ലെന്നും തരൂർ പാർട്ടിക്ക് വിധേയനാകണമെന്നും മുരളീധരൻ തുറന്നടിച്ചു. തരൂരിന്റെ നടപടി അച്ചടക്ക ലംഘനമാണ്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കണം. നാലു തവണ ജയിപ്പിച്ച പാവപ്പെട്ട പാർട്ടി പ്രവർത്തകരെ തരൂർ മറന്നുവെന്നും മുരളീധരൻ വിമർശിച്ചു.