മലയാള സിനിമയിൽ പുതുതായി രൂപീകരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിന്റെ ഭാഗമല്ലെന്ന് സംവിധായകനും നടനുമായ ലിജോ ജോസ് പെല്ലിശ്ശേരി. മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ലെന്നും തന്റെ പേരിൽ പ്രചരിക്കുന്ന വാർത്ത ഒന്നും തന്റെ അറിവോടെയല്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ലിജോ ജോസ് പെല്ലിശ്ശേരി നിലപാട് വ്യക്തമാക്കിയത്. ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നുവെന്നും അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നുവെന്നും ലിജോ വ്യക്തമാക്കി. നിലവിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും ലിജോ പറഞ്ഞു. അത്തരത്തിൽ ഒരു കൂട്ടായ്മയുടെ ഭാഗമാവാൻ താൻ ആഗ്രഹിക്കുന്ന പക്ഷം അറിയിക്കുമെന്നും ലിജോ പറഞ്ഞു. അക്കാര്യം ഔദ്യോഗിക അറിയിപ്പായി തന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും ലിജോ ഫേസ്ബുക്കിൽ കുറിച്ചു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ പോസ്റ്റിന്റെ പൂർണരൂപം
‘മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല . ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു . അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും . അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല.’
മലയാള സിനിമയിൽ പുതിയ സംഘടന പ്രഖ്യാപിക്കാനൊരുങ്ങുന്നു എന്ന വാർത്തഇക്കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിലാണ് പുതിയ സംഘടനയെന്നും അടുത്തിടെ ഫെഫ്കയിൽ നിന്ന് രാജി വച്ച ആഷിക് അബു അടക്കമാണ് പുതിയ സംഘടനയ്ക്ക് നേതൃത്വം വഹിക്കുന്നതെന്നുമുള്ള വാർത്തകൾ വന്നിരുന്നു.
സംവിധായകരായ ആഷിക്ക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിക്കുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. നിലവിൽ സംഘടനയെ കുറിച്ചുളള വിവരങ്ങളടങ്ങിയ കത്ത് സിനിമ പ്രവർത്തകർക്ക് നൽകി തുടങ്ങിയെന്നും പുത്തൻ സിനിമ സംസ്കാരം രൂപീകരിക്കുമെന്നും അറിയിപ്പുണ്ടായിരുന്നു. എന്നാൽ ഇതിൽ താൻ ഉൾപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കിയാണ് ലിജോ ജോസ് പെല്ലിശ്ശേരി ഇപ്പോൾ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.