'സന്ദീപ് വാര്യരല്ല, നരേന്ദ്ര മോദി വന്നാലും സ്വീകരിക്കും'; ബിജെപിയുമായി മാത്രമല്ല മുസ്ലീം തീവ്രവാദികളുമായും കോൺഗ്രസിന് ഡീൽ: എൻ എൻ കൃഷ്ണദാസ്

ബിജെപി സംസ്ഥാന വക്താവ് നേതാവ് സന്ദീപ് വാര്യർ സിപിഎമ്മിലേക്ക് പോകുമെന്ന അഭ്യുഹങ്ങൾക്കിടെ പ്രതികരണവുമായി സിപിഎം നേതാവ് എൻ. എൻ കൃഷ്ണദാസ്. സന്ദീപ് വാര്യരല്ല, നരേന്ദ്ര മോദി വന്നാലും സ്വീകരിക്കുമെന്ന് കൃഷ്ണദാസ് പറഞ്ഞു.

സിപിഎമ്മിന്‍റെ നയം അംഗീകരിക്കുകയാണെങ്കിൽ സന്ദീപിനെ സ്വാഗതം ചെയ്യും. പക്ഷെ സന്ദീപിനായി കാത്തിരിക്കുന്നില്ല. ബിജെപിയുമായി ഡീലുള്ളത് കോൺഗ്രസിനാണ്. തൃശൂരിലെ പോലെ പാലക്കാടും ഡീൽ ഉണ്ട്.അതുകൊണ്ടാണ് ഷാഫിയെ ഇവിടെ നിന്ന് മാറ്റിയത്. ബിജെപിയുമായി മാത്രമല്ല മുസ്ലീം തീവ്രവാദികളുമായും കോൺഗ്രസിന് ഡീൽ ഉണ്ട്.

മുസ്ലീം തീവ്രവാദം പ്രചരിപ്പിക്കുന്ന എസ്ഡിപിഐയെയും ജമാ അത്തെ ഇസ്ലാമിയെയും ഇരു കക്ഷത്തും അടുക്കിക്കൊണ്ടാണ് പാലക്കാട്ടെ കോൺഗ്രസ് നടക്കുന്നത് എന്നും എൻ. എൻ.കൃഷ്ണദാസ് പറഞ്ഞു. അതേസമയം പാലക്കാട്: സന്ദീപ് വാര്യരുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. വാഗ്ദാനം നല്‍കി ഒരു രാഷ്ട്രീയക്കാരനെയും സിപിഐഎം കൊണ്ടുവരില്ല. സന്ദീപിന്റെ നിലപാട് അറിഞ്ഞാലേ തങ്ങള്‍ക്ക് നിലപാടെടുക്കാനാകൂ എന്നും സുരേഷ് ബാബു പറഞ്ഞു.

അതേസമയം ബിജെപി വിട്ടെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. ബിജെപി വിട്ടിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. സിപിഎമ്മുമായി ചർച്ച നടത്തിയിട്ടില്ല. താൻ നാട്ടിലെ പ്രവർത്തകർക്കൊപ്പം സജീവമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.