ഉത്തരവിറങ്ങിയെങ്കിലും പണമെത്തിയില്ല; എഐ ക്യാമറയിലെ നിയമ ലംഘനങ്ങൾക്കുള്ള പതിനായിരക്കണക്കിന് നോട്ടീസുകൾ കെട്ടിക്കിടക്കുന്നു

കെൽട്രോണിനുള്ള കുടിശ്ശിക തീർക്കാൻ സർക്കാർ ഉത്തരവിറങ്ങിയെങ്കിലും കമ്പനിയുടെ അക്കൗണ്ടിൽ പണമെത്തിയില്ല. ഇതോടെ എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്കുള്ള നോട്ടീസയക്കുന്നത് പുനരാരംഭിക്കാനായില്ല. പതിനായിരക്കണക്കിന് നോട്ടീസുകളാണ് തപാലിൽ അയക്കാതെ കെട്ടിക്കിടക്കുന്നത്.

കോടികളുടെ കുടിശ്ശിക കാരണം കെൽട്രോൺ പ്രവർത്തനമെല്ലാം നിർത്തിവെച്ചിരിക്കുകയായിരുന്നു. ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്കു നോട്ടീസയക്കാൻ നിയോഗിച്ച കരാർ ജീവനക്കാരെ കമ്പനി പിൻവലിച്ചിരുന്നു. സർക്കാർ കുടിശ്ശിക അനുവദിച്ചതോടെ അവർ വീണ്ടുമെത്തി നോട്ടീസ് തയ്യാറാക്കുന്നുണ്ട്. എന്നാൽ, പണം കിട്ടിയാലേ കെൽട്രോണിന് തപാൽ വകുപ്പിനുള്ള കുടിശ്ശിക തീർക്കാൻ കഴിയൂ. നോട്ടീസയക്കുന്നതു മുടങ്ങിയിട്ട് 20 ദിവസമായി.

ക്യാമറ വെച്ചതും തുടർകാര്യങ്ങൾ നടത്തുന്നതും കെൽട്രോണാണ്. കെഎസ്ഇബിക്കുള്ള കുടിശ്ശിക തീർക്കാത്തതിനാൽ കൺട്രോൾ റൂമുകളും അടയ്‌ക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. ഇത് വാർത്തയായതോടെയാണ് കെൽട്രോണിന് ആദ്യ ഗഡുവായി 9.39 കോടി രൂപ നൽകാൻ ഉത്തരവായത്. മൂന്നു മാസത്തെ കുടിശ്ശികയായി 11 കോടി രൂപയാണു നൽകാനുള്ളത്.

ക്യാമറകളിൽ നിയമ ലംഘനങ്ങൾ ഇപ്പോഴും റെക്കോഡ് ചെയ്യുന്നുണ്ട്. നോട്ടീസ് അയക്കുന്നില്ലെന്നേയുള്ളൂ. ഓരോ ജില്ലയിലുമായി രണ്ടായിരത്തിലധികം നോട്ടീസാണ് അയക്കാനുള്ളത്. ഒരു മാസമായി നോട്ടീസ് അയക്കാത്തതിനാൽ പിഴയെക്കുറിച്ച് പലരും അറിയുന്നില്ല. കുറച്ച് ജില്ലകളിൽ മാത്രമേ നോട്ടീസ് അയക്കുന്നുണ്ടായിരുന്നുള്ളൂ.

Read more

ആദ്യ ഗഡുവമായി സർക്കാർ കെൽട്രോണിനു നൽകേണ്ടിയിരുന്നത് 11.79 കോടി രൂപയാണ്. പ്രതിമാസം ഒരു കോടി രൂപയോളം സ്വന്തം നിലയ്ക്കു ചെലവഴിച്ചാണ് പദ്ധതി കെൽട്രോൺ നടത്തുന്നതെന്നായിരുന്നു വിലയിരുത്തൽ. ജീവനക്കാർക്കുള്ള ശമ്പളത്തിനും കൺട്രോൾ റൂം പ്രവർത്തനത്തിനും മറ്റുമാണ് പണംവേണ്ടത്. എഐ ക്യാമറ പ്രവർത്തനമാരംഭിച്ച് ആറുമാസം പിന്നിടുമ്പോഴാണ് ഈ പ്രതിസന്ധി. നിയമ ലംഘനങ്ങളിൽ നിന്ന് 33 കോടി രൂപ സർക്കാരിന് ഇതുവരെ ലഭിച്ചിട്ടുണ്ടെന്നാണറിയുന്നത്.