പത്തനംതിട്ടയിൽ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജ മൊഴി നൽകിയ അഫ്സാനക്കെതിരെ പരാതിയുമായി ഭർത്താവ് നൗഷാദ് പൊലീസിനെ സമീപിച്ചു. ഭാര്യ അഫ്സാനയും സുഹൃത്തുക്കളും ചേർന്ന് തന്നെ ക്രൂരമായി മർദ്ദിച്ചുവെന്ന് പരാതിയിൽ പറയുന്നു. ഇതാണ് നാടുവിടാൻ കാരണമെന്നുമാണ് നൗഷാദ് പറയുന്നു. അടൂർ പൊലീസിലാണ് നൗഷാദ് പരാതി നൽകിയത്.
തന്നെ മർദിച്ചതതിൽ അഫ്സാനയ്ക്കെതിരെ നടപടിവേണമെന്ന് നൗഷാദ് ആവശ്യപ്പെട്ടു. ജയിലിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ രൂക്ഷ വിമർശനവും ആരോപണങ്ങളുമാണ് നൗഷാദിനെതിരെ അഫ്സാന ഉയർത്തിയത്. എന്നാൽ താൻ കുട്ടികളെ അടക്കം ഉപദ്രവിച്ചെന്ന അഫ്‌സാനയുടെ ആരോപണം കളവാണെന്നും നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു.
ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടെന്ന് മൊഴിനൽകിയത് പൊലീസ് ഉപദ്രവിച്ചിട്ടെന്ന് അഫ്സാന പറഞ്ഞിരുന്നു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് പൊലീസ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും അഫ്സാന പറഞ്ഞു.
നൗഷാദിന്റെ കൂടെ പോകാനാകില്ല. അയാൾ സ്ത്രീധനം ചോദിച്ച് നൗഷാദ് മർദ്ദിക്കാറുണ്ടായിരുന്നു. കുഞ്ഞുങ്ങളെ സ്ഥിരമായി ഉപദ്രവിക്കാറുണ്ട്. വലിയ പീഡനനങ്ങൾ നേരിട്ടുവെന്നും അഫ്സാന പറഞ്ഞിരുന്നു.
നൗഷാദ് തിരോധാനക്കേസിലാണ് അഫ്സാനയെ പൊലീസ് ആദ്യം കസ്റ്റഡിയിലെടുക്കുന്നത്. ഒന്നര വര്‍ഷം മുന്‍പാണ് നൗഷാദിനെ കാണാതായത്. ഭാര്യയുടെ മൊഴി കണക്കിലെടുത്ത് പൊലീസ് പലയിടത്തും കുഴിച്ച് നോക്കിയിരുന്നു.നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നായിരുന്നു അഫ്സാന ആദ്യം പൊലീസിന് നൽകിയ മൊഴി.
ഇതിനിടെ നൗഷാദിനെ ഇടുക്കി തൊമ്മന്‍കുത്തില്‍നിന്ന് കണ്ടെത്തുകയായിരുന്നു.സംഭവത്തിൽ മൊഴി മാറ്റി കബളിപ്പിച്ചുവെന്ന കേസുമായി മുന്നോട്ടു പോകാനാണ് പൊലീസിന്റെ തീരുമാനം.