'ഇനി ക്രഡിബിലിറ്റി തെളിയിക്കേണ്ടത് ഡിസി ബുക്സിന്റെ ബാദ്ധ്യത'; വി ടി ബൽറാം

സിപിഎം നേതാവ് ഇ പി ജയരാജനുമായി ബന്ധപ്പെട്ട ആത്മകഥ വിവാദത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് വി ടി ബൽറാം. ഇ പി നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ ക്രഡിബിലിറ്റി തെളിയിക്കേണ്ടത് ഡിസി ബുക്‌സാണെന്ന് വി ടി ബൽറാം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സ്വന്തം ബന്ധുക്കൾക്കാർക്കും താൻ പിൻവാതിലിലൂടെ സർക്കാർ ജോലി നൽകിയിട്ടില്ല എന്ന് ഇ പി ജയരാജൻ പറഞ്ഞത് നമ്മളൊക്കെ കേട്ടതാണ്. ഇൻഡിഗോ ഫ്ലൈറ്റിനകത്ത് എന്താണ് നടന്നത് എന്നതിനേക്കുറിച്ച് ഇ പി ജയരാജൻ അന്ന് പറഞ്ഞതും നമ്മളൊക്കെ കേട്ടതാണ്. വൈദേകം റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന് ജയരാജൻ പറഞ്ഞതും നമ്മളൊക്കെ കേട്ടതാണ്. ജാവഡേക്കർ ചുമ്മാ ചായ കുടിക്കാൻ തന്റെ വീട്ടിൽ വന്നതിനേക്കുറിച്ച് ജയരാജൻ പറഞ്ഞതും നമ്മളൊക്കെ കേട്ടതാണ്. അതിലൂടെയൊക്കെ ഇ പി ജയരാജൻ എന്ന സിപിഎം നേതാവിന്റെ വ്യക്തിപരമായ ഇന്റഗ്രിറ്റിയും പറയുന്ന കാര്യങ്ങളിലെ വിശ്വാസ്യതയും കേരളത്തിന് എത്രയോ വട്ടം മനസ്സിലായിട്ടുള്ളതാണ്. എന്നിരുന്നാലും ഇപ്പോൾ ക്രഡിബിലിറ്റി തെളിയിക്കേണ്ടത് ഡിസി ബുക്ക്സാണ്. കാരണം ജയരാജനല്ല ഡിസി ബുക്ക്സ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രസാധക സ്ഥാപനമാണ്. പതിറ്റാണ്ടുകളുടെ പാരമ്പര്യമാണ്. എല്ലാ എഴുത്തുകാരുടേയും എണ്ണം പറഞ്ഞ പുസ്തകളുടെ പ്രസാധകരാണ്. കേരളത്തിലെ ഏറ്റവും വലിയ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സംഘാടകരുമാണ്. തന്റെ ആത്മകഥ എഴുതിക്കൊണ്ടിരിക്കുന്നതേയുള്ളൂ എന്നും പൂർത്തിയായാലും അത് ഡിസിക്കല്ല മാതൃഭൂമിക്കാണ് പ്രസിദ്ധീകരണത്തിന് നൽകാൻ ഉദ്ദേശിക്കുന്നതെന്നും ഇന്ന് പ്രസിദ്ധീകരിക്കാൻ നിശ്ചയിക്കപ്പെട്ടിരുന്ന പുസ്തകത്തിന്റെ പ്രൂഫ് പോലും താൻ കണ്ടിട്ടില്ലെന്നും “ആത്മകഥാകൃത്ത്” തന്നെ പരസ്യമായി തള്ളിപ്പറയുമ്പോൾ ഇനി മറുപടി പറയേണ്ടത് ഡിസി ബുക്ക്സാണ്. ഇ.പി. ജയരാജനുമായി പുസ്തക പ്രസാധനത്തിന് കരാർ വല്ലതും ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഡിസി ബുക്ക്സ് അത് പുറത്തുവിടണം. സ്വന്തം വിശ്വാസ്യത അവർ തെളിയിക്കണം.

Read more