'ഇനി കെഎഫ്‌സി ഉപയോഗിച്ചും പല്ല് തേക്കാം'; ഫ്രൈഡ് ചിക്കൻ ഫ്ലേവറിൽ ടൂത്ത് പേസ്റ്റ് പുറത്തിറക്കി കമ്പനി, വമ്പൻ ഹിറ്റ്

ഉറക്കമുണർന്നാൽ നാം ആദ്യം ചെയ്യുന്നത് ഒരു പക്ഷെ പല്ല് തെക്കൻ ആയിരിക്കും. അങ്ങനെയെങ്കിൽ നമുക്കേറ്റവും ഇഷ്ടപ്പെട്ട കെഎഫ്‌സി ഫ്‌ളേവറിലുള്ള ടൂത്ത് പേസ്റ്റ് കൊണ്ട് പല്ലുതേക്കുന്നതിനെ കുറിച്ച് ഒന്ന് ചിന്തിച്ച് നോക്കൂ… എന്താണെന്നല്ലേ? മറ്റൊന്നുമല്ല ഫ്രൈഡ് ചിക്കന്റെ ഫ്‌ളേവറിലുള്ള ടൂത്ത് പേസ്റ്റ് പുറത്തിറക്കിയിരിക്കുകയാണ് കെഫ്‌സി. പുറത്ത് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഉല്‍പ്പന്നം ഓണ്‍ലൈനില്‍ വിറ്റുതീര്‍ന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹിസ്‌മൈലുമായി ചേര്‍ന്നാണ് കെഎഫ്‌സി ഫ്രൈഡ് ചിക്കന്റെ ഫ്‌ളേവറിലുള്ള ലിമിറ്റഡ് എഡിഷന്‍ ടൂത്ത് പേസ്റ്റ് പുറത്തിറക്കിയത്. ഇറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുതിയ പ്രോഡക്റ്റ് വമ്പന്‍ ഹിറ്റാവുകയും ചെയ്തു. കെഎഫ്‌സിയുടെ 11 ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും അടങ്ങിയ ചേരുവയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ടൂത്ത്‌പേസ്റ്റിന്റെ നിര്‍മ്മാണം. നല്ല ചൂടുള്ള കെഎഫ്‌സിയുടെ ഫ്രൈഡ് ചിക്കന്‍ കടിക്കുന്നത് പോലെയാണ് പുതിയ ടൂത്ത് പേസ്റ്റെന്നാണ് കമ്പനിയുടെ വിശദീകരണം..

നിരവധി ദന്തസംരക്ഷണ ഗുണങ്ങളടങ്ങിയതാണ് ടൂത്ത് പേസ്റ്റ് എന്നും കമ്പനി പറയുന്നുണ്ട്. 13 ഡോളറാണ്(ഏകദേശം 1100 രുപ) 60 ഗ്രാം ടൂത്ത് പേസ്റ്റ് ടൂബിന്റെ വില. ഏപ്രില്‍ ഒന്ന് ‘ഏപ്രില്‍ ഫൂള്‍’ ദിനത്തിലാണ് കമ്പനി തങ്ങളുടെ പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചത്. ഇത് പ്രാങ്കല്ലെന്നും, ഉല്‍പ്പന്നം വിപണിയിലെത്തിക്കഴിഞ്ഞെന്നുമാണ് വിവരം പങ്കുവെച്ച് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. ഹിസ്‌മൈല്‍ വെബ്‌സൈറ്റിലൂടെയായിരുന്നു ടൂത്ത് പേസ്റ്റിന്റെ വില്‍പ്പന ആരംഭിച്ചത്. അതേസമയം കെഎഫ്‌സി ഇലക്ട്രിക് ടൂത്ത് ബ്രഷും കമ്പനി വില്‍പ്പനയ്‌ക്കെത്തിച്ചിട്ടുണ്ട്. 59 ഡോളറാണ് ടൂത്ത് ബ്രഷിന്റെ വില.

Read more