നിയമസഭ തിരഞ്ഞെടുപ്പിൽ എൻ.എസ്.എസിനെ ഒപ്പം നിർത്താൻ ബി.ജെ.പി; മോദിയും സുകുമാരൻ നായരുമായി കൂടിക്കാഴ്ച്ചക്ക് വഴി ഒരുക്കാൻ നീക്കം ആരംഭിച്ചു

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ എൻഎസ്എസിനെ ഒപ്പം നിർത്തി കളം പിടിക്കാൻ ബിജെപി നീക്കം. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ യുഡിഎഫിനെ ഉമ്മന്‍ചാണ്ടി നയിക്കുമെന്ന തീരുമാനം വന്നതിനു പിന്നാലെയാണ് എന്‍എസ്എസ് വോട്ട് ലക്ഷ്യമിട്ടുള്ള ബിജെപിയുടെ നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത കേരള സന്ദർശനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച്ചക്ക് വഴി ഒരുക്കാൻ ബിജെപി നീക്കം ആരംഭിച്ചു.

മന്നം ജയന്തിക്ക് ആശംസ അറിയിച്ച പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും എന്‍എസ്എസ് നന്ദി പ്രകടിപ്പിച്ചതാണ് ബിജെപി ആയുധമാക്കുന്നത്. എന്‍എസ് എസ് ജനറല്‍ സെക്രട്ടറി ഇരുവര്‍ക്കും നന്ദി അറിയിച്ച് കത്തയച്ചത് കേരളത്തില്‍ ബിജെപിയുമായി അടുക്കുന്നതിന്റെ സൂചനയായാണ് ബിജെപി നേതൃത്വം വ്യാഖ്യാനിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഎസ്എസിനെ കൂടി ഒപ്പം നിർത്താൻ സാധിച്ചാൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അദ്ധ്യക്ഷനായി ഉമ്മന്‍ചാണ്ടിയെ നിശ്ചയിച്ച തീരുമാനം ഏറ്റവും അനുകൂലമായ രാഷ്ട്രീയ സാഹചര്യമായി ബിജെപി കാണുന്നുണ്ട്. ഈ സാഹചര്യത്തിൽ എന്‍എസ്എസ്സുമായി അടുക്കാനുള്ള അവസരം മുതലാക്കാനാണ് ബിജെപി തീരുമാനം. ഉമ്മന്‍ചാണ്ടിയെ നായകനാക്കാനുള്ള യുഡിഎഫിന്റെ നിര്‍ണായക തീരുമാനത്തിനു പിന്നാലെ എൻഎസ് സെക്രട്ടറി പ്രധാനമന്ത്രിക്കയച്ച കത്തും അത് സംബന്ധിച്ച വിവരവും ബിജെപി നേതൃത്വം പുറത്തുവിടുകയായിരുന്നു.

സ്വന്തം മുഖപത്രമായ സര്‍വ്വീസിൽ പ്രധാനമന്ത്രിക്കും അമിത്ഷാക്കും നന്ദി അറിയിച്ചു കൊണ്ട് എന്‍എസ്എസ മുഖപ്രസംഗവും എഴുതിയിരുന്നു. ഈ ലേഖനം കെ. സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റായി ഇട്ടത് ബിജെപിയുടെ പ്രകടമായ രാഷ്ട്രീയ നീക്കം വ്യക്തമാക്കുന്നതാണ്.  “പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നന്ദി അറിയിച്ച് സര്‍വ്വീസ്. ഇക്കാര്യം അറിയിച്ചുകൊണ്ട് ഇരുവര്‍ക്കും ശ്രീ. സുകുമാരന്‍ നായര്‍ കത്തും അയച്ചിട്ടുണ്ട്” എന്നായിരുന്നു കെ. സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പോസ്റ്റിനൊപ്പം സർവ്വീസിൽ വന്ന ലേഖനത്തിന്റെ ചിത്രവും ഇട്ടിട്ടുണ്ട്.

Read more

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ എത്തുകയാണെങ്കില്‍ ചങ്ങനാശ്ശേരി മന്നം സമാധിയില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്താനുള്ള ആലോചന ബിജെപിയില്‍ നടക്കുന്നുണ്ട്. പുതിയ പശ്ചാത്തത്തിൽ കാര്യങ്ങൾ എളുപ്പമായേക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. എന്നാൽ സമദൂര നിലപാടിൽ നിന്ന് വ്യതിചലിക്കില്ല എന്ന നിലപാടാണ് സുകുമാരൻ നായർ സ്വീകരിക്കുന്നത്.