സ്പീക്കർ നിലപാട് തിരുത്തണം; അല്ലാതെ പിന്നോട്ടില്ല, കേസല്ല പ്രധാനം, പുതുപ്പള്ളിയിൽ സമദൂരമെന്ന് എൻഎസ്എസ് ,

മിത്ത് വിവാദവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി എൻഎസ്എസ്. നാമജപവുമായി ബന്ധപ്പെട്ട് എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ പൊലീസ് ആലോചിക്കുന്നതിനിടെയാണ് പ്രതികരണം. കേസല്ല തങ്ങൾക്ക് പ്രധാനമെന്നാണ് വിശദീകരണം. മിത്ത് പ്രസ്താവന സ്പീക്കർ പിൻവലിക്കണം. വിവാദത്തിൽ സ്പീക്കർ നിലപാട് തിരുത്തണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു. അല്ലാതെ വിഷയത്തിൽ പിന്നോട്ടില്ലെന്നാണ് തീരുമാനം.

എൻഎസ്എസിനെ അനുനയിപ്പിക്കുന്നതിനായി സർക്കാർ കേസ് പിൻവലിക്കാൻ ആലോചിക്കുകയാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൂടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. അനുമതിയില്ലാതെയാണ് നാമജപ യാത്ര നടത്തിയതെന്ന റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കെയാണ് കേസുകൾ പിൻവലിക്കാനുള്ള നീക്കം.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സമദൂര നിലപാടാണെന്ന് സുകുമാരൻ നായർ പറഞ്ഞിരുന്നു. ഇടത് സ്ഥാനാർത്ഥി ജയ്‌ക് സി തോമസ് പെരുന്നയിൽ അദ്ദേഹത്തെ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം.

Read more

കേസുകൾ തങ്ങൾ നിയമപരമായി തന്നെ നേരിട്ടോളാമെന്നാണ് എൻഎസ്എസ് അറിയിച്ചത്. സ്പീക്കർ നിലപാട് തിരുത്തണമെന്നാണ് ആവശ്യം. എന്നാൽ സ്പീക്കർ തിരുത്തില്ലെന്നും മാപ്പ് പറയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എംവി ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിലപാടിൽ നിന്ന് സിപിഎം പിന്നോട്ട് പോകാനും സാധ്യതയില്ല.