നമ്പര്‍ 18 ഹോട്ടലില്‍ മയക്കുമരുന്ന് ഇടപാടിനായി പെണ്‍കുട്ടികളെ എത്തിച്ചുവെന്ന് സംശയം

കൊച്ചിയിലെ വിവാദ ഹോട്ടലായ നമ്പര്‍ 18 ന്റെ ഉടമ റോയ് വയലാട്ട് , മോഡലുകളുടെ ദുരൂഹമരണത്തെത്തെടുര്‍ന്ന് അറസ്റ്റിലായ സൈജു തങ്കച്ചന്‍ എന്നിവര്‍ക്ക് പോക്‌സോ കേസിലെ പ്രതി അജ്ഞലി ദേവുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ദുരൂഹസാഹചര്യത്തിലുണ്ടായ റോഡപകടത്തില്‍ രണ്ട് മോഡലുകള്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനും അജ്ഞലിയും ലഹരി ഇടപാടുകളില്‍ പങ്കാളികളായിരുന്നുവെന്ന സംശയം ബലപ്പെടുകയാണ്. ലഹരി ഇടപാടുകള്‍ക്കായി ഇവര്‍ പലതവണ യാത്രകള്‍ നടത്തിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. പലപ്പോഴും മറ്റ് പെണ്‍കുട്ടികളുമായാണ് ഇവര്‍ യാത്രകള്‍ നടത്താറുള്ളതെന്ന് പോക്‌സോ കേസിലെ പരാതിക്കാരി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. സൈജു തങ്കച്ചന്റെ മയക്ക് മരുന്ന് ഇടപാടില്‍ അജ്ഞലി ദേവിന് പങ്കുണ്ടെന്നാണ് പോക്‌സോ കേസിലെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്ന മറ്റൊരാരോപണം.

സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും പെണ്‍കുട്ടികളെ കൊച്ചിയിലേക്കെത്തിക്കുന്നത് അജ്ഞലി ദേവായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. ഈ പെണ്‍കുട്ടികള്‍ പലരും റോയി വയലാട്ടിന്റെ ഉടമസ്ഥതയിലെ കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ വരാറുണ്ടായിരുന്നുവെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അജ്ഞലി ദേവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമാണ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അജ്ഞാത സ്ഥലത്തിരുന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ലൈവ് നല്‍കിക്കൊണ്ടാണ് തനിക്ക് നേര ഉയരുന്ന ആരോപണങ്ങള്‍ അവാസ്തവമാണെ് അജ്ഞലി ദേവ് വിശദീകരിച്ചത്. റോയ് വയലാട്ടിനെ അറിയില്ലന്ന് ആദ്യം പറഞ്ഞ ഇവര്‍ പിന്നീട് ഗത്യന്തരമില്ലാതെ അറിയാമെന്ന് മാറ്റി പറഞ്ഞതോടെയാണ് നമ്പര്‍ 18 ഹോട്ടുലുമായി ഇവര്‍ക്കുള്ള ബന്ധം അന്വേഷണ സംഘത്തിന് വ്യക്തമായത്.

പരാതിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് അജ്ഞലിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നമ്പര്‍ 18 ഹോട്ടലില്‍ പ്രായപൂര്‍ത്തിയാകാത്ത മറ്റു ചില പെണ്‍കുട്ടികള്‍ കൂടി എത്തിച്ചേര്‍ന്നതായും പരാതിക്കാരി വെളിപ്പെടുത്തിയിട്ടുണ്ട്. മയക്ക് മരുന്നു കടത്താന്‍ ഈ പെണ്‍കുട്ടികളെ ഉപയോഗിച്ചിരുന്നുന്നോ എന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. ഇപ്പോള്‍ ഒളിവിലുള്ള അജ്ഞലി ദേവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ ഈ വസ്തുതകളെല്ലാം അറിയാന്‍ കഴിയുകയുള്ളുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.