ഓഖി:'കാണാതായവര്‍ക്കായി മത്സ്യബന്ധന ബോട്ടുകളുടെ സഹായത്തോടെ തെരച്ചില്‍ ശക്തമാക്കും, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് നേതൃത്വം നല്‍കും'

ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ക്കായി കൂടുതല്‍ ആഴത്തിലും പരപ്പിലും തെരച്ചില്‍ നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോടു ഭാഗത്തുനിന്നാണ് കൂടുതല്‍ ശവശരീരങ്ങളും ലഭിക്കുന്നതെന്നും, മറൈന്‍ എന്‍ഫോഴ്സമെന്റിന്റെ വാഹനങ്ങളും മത്സ്യബന്ധനബോട്ടുകളും ഒരുമിച്ച് കടലിനകത്ത് തെരച്ചില്‍ വ്യാപിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്ത് മത്സ്യത്തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടവരെ ഉള്‍പ്പെടുത്തി നടന്ന ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോട്ടുടമ സംഘനടനകളുമായി വിഷയം രാവിലെ ചര്‍ച്ച ചെയ്തിരുന്നു. ആവശ്യമായ ബോട്ടുകള്‍ ഇതിനായി തയ്യാറാക്കാമെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്.

കൂടുതല്‍ വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറിയും ബോട്ടുടമകളും ചര്‍ച്ച ചെയ്ത് തീരുമാനിക്കും. മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ നേതൃത്വത്തില്‍ കടലിനകത്ത് വലിയ തോതിലുള്ള പരിശോധനതന്നെയാണ് നടത്താന്‍ പോകുന്നത്. എത്രയും പെട്ടെന്ന് തന്നെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read more

ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം സമയബന്ധിതമായി നല്‍കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. പ്രഖ്യാപിച്ച സഹായങ്ങള്‍ ഒരുമിച്ച് നല്‍കാനാണ് തീരുമാനം. 20 ലക്ഷം രൂപയുടെ സഹായത്തില്‍ അഞ്ച് ലക്ഷം രൂപ മത്സ്യതൊഴിലാളി ക്ഷേമനിധിയില്‍ നിന്നാണ് നല്‍കുന്നത്. ക്ഷേമനിധി അംഗങ്ങളല്ലാത്ത മത്സ്യതൊഴിലാളികള്‍ക്കും ഈ തുക നല്‍കും. ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നത് വരെ കാത്തിരിക്കാതെ ക്ഷേമനിധി ബോര്‍ഡിന്റെ കോര്‍പസ് ഫണ്ടില്‍ നിന്ന് പണം നല്‍കും. 2018-19 ല്‍ മുഴുവന്‍ മത്സ്യതൊഴിലാളികള്‍ക്കും വീടു നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടു നല്‍കുന്നതിനൊപ്പം കേന്ദ്രസഹായവും തേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.