ട്രാൻസ്ജെന്ററുകൾക്കായി വർണ്ണപ്പകിട്ട് എന്ന പേരിൽ നടത്തിയിരുന്ന കലോത്സവം ഇനി വേണ്ടെന്ന് സംസ്ഥാന സാമൂഹ്യ നീതി വകുപ്പ്. കലോത്സവത്തിൽ മത്സരങ്ങൾ ഉപേക്ഷിച്ച് ഫെസ്റ്റ് മാത്രമായി സംഘടിപ്പിക്കാനാണ് സാമൂഹ്യ നീതി ഡയറക്ടറുടെ ഉത്തരവ്. ഉത്തരവിനെതിരെ ട്രാൻസ് സമൂഹത്തിൽ നിന്ന് തന്നെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
2019 മുതലാണ് വർണ്ണപ്പകിട്ട് എന്ന പേരിൽ ട്രാൻസ്ജെന്ററുകൾക്കായി കലോത്സവം ആരംഭിച്ചത്. ഒന്നാം എല്‍ഡിഎഫ് സർക്കാരിന്റെ ട്രാൻസ്ജെന്റർ നയത്തിന്റെ ഭാഗമായി ട്രാൻസ് വ്യക്തിയുടെ കലാഭിരുചി പരിപോഷിപ്പിക്കുന്നതിനും പൊതു സമൂഹത്തിൽ സ്വീകാര്യത വർധിപ്പിക്കുന്നതിനും ലക്ഷ്യം വച്ചായിരുന്നു കലോത്സവം സംഘടിപ്പിച്ച് തുടങ്ങിയത്.
എന്നാൽ സർക്കാരിനൊപ്പം നിൽക്കുന്നവർക്ക് മാത്രം സമ്മാനങ്ങൾ നൽകുന്നു എന്ന് ആരോപിച്ച് കഴിഞ്ഞ തവണത്തെ കലോത്സവത്തിൽ പ്രതിഷേധമുയർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് മത്സരങ്ങൾ തന്നെ ഉപേക്ഷിച്ച് ഫെസ്റ്റ് എന്ന രീതിയിൽ നടത്താൻ ഉത്തരവിട്ടിരിക്കുന്നത് എന്നാണ് ഒരു വിഭാഗം ട്രാൻസ് വ്യക്തികളുടെ ആരോപണം.
ജില്ലാ തലത്തിലും മത്സരങ്ങൾ നടത്തേണ്ടതില്ലെന്ന് ഉത്തരവിലുണ്ട്. പകരം ജില്ല സാമൂഹ്യ നീതി ഓഫീസർക്കും ട്രാൻസ്ജെന്റർ ജസ്റ്റിസ് കമ്മറ്റിയിലെ അംഗങ്ങൾക്കും സ്ക്രീനിംഗ് നടത്തി പരിപാടിയവതരിപ്പിക്കേണ്ടവരെ തിരഞ്ഞെടുക്കാം. ഒരു ജില്ലയിൽ നിന്നും ഗ്രൂപ്പ്, വ്യക്തിഗത വിഭാഗങ്ങളിൽ 5 ഇനങ്ങൾ മാത്രമേ പങ്കെടുക്കാവൂ എന്നും നിർദ്ദേശമുണ്ട്. അടുത്ത മാസം 10, 11 തീയതികളിൽ തൃശ്ശൂരിൽ വച്ചാണ് കലോത്സവം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.