ഓഖി ദുരന്തം: കേന്ദ്രസര്‍ക്കാര്‍ 325 കോടി രൂപ പ്രഖ്യാപിച്ചു: ധനസഹായം കേരളത്തിനും തമിഴ്നാടിനും ലക്ഷ്വദീപിനും കൂടി

ഓഖി ദുരന്തത്തില്‍പ്പെട്ട് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും അടിയന്തിരമായി ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ 325 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. കേരളത്തിനും തമിഴ്‌നാടിനും ലക്ഷ്വദീപിനും കൂടിയാണ് കേന്ദ്രം ഈ തുക അനുവദിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി മൂന്നു സംസ്ഥാനങ്ങളിലായി 1400 വീടുകളും നിര്‍മ്മിച്ചു നല്‍കും.

കേരളത്തിലും തമിഴ്‌നാട്ടിലെ കന്യാകുമാരിയിലുമുള്ള ഓഖി ദുരിത ബാധിതരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശിച്ച് മടങ്ങിയതിന് പിന്നാലെയാണ് ഡല്‍ഹിയില്‍നിന്ന് ധനസഹായ പ്രഖ്യാപനം ഉണ്ടായത്. നേരത്തെ തമിഴ്‌നാടിന് 280 കോടി രൂപയും കേരളത്തിന് 76 കോടി രൂപയും നേരത്തെ അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് 325 കോടി രൂപ കൂടി അനുവദിച്ചിരിക്കുന്നത്.

ഓഖി ദുരന്തത്തില്‍ മരിച്ച ആളുകളുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും, ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപയും അനുവദിക്കും. ദേശീയ ദുരിതാശ്വാസ ഫണ്ടില്‍നിന്നായിരിക്കും ഇതിന് ആവശ്യമായ പണം കണ്ടെത്തുക.

Read more

പ്രധാനമന്ത്രിയുടെ കേരളാ സന്ദര്‍ശവേളയില്‍ 7340 കോടി രൂപയുടെ ധനസഹായ പാക്കേജാണ് കേരളം ആവശ്യപ്പെട്ടത്. കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കാമെന്ന് പ്രധാനമന്ത്രിയും ഉറപ്പ് നല്‍കിയിരുന്നു.