ചെല്ലാനത്തും സമീപ പ്രദേശങ്ങളിലും കലിതുള്ളി കടല്‍; നൂറ്റമ്പതോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

പ്രജീഷ് രാജ് ശേഖര്‍

കടല്‍ കലിതുള്ളിയുറഞ്ഞതോടെ ചെല്ലാനത്തെ ജന ജീവിതം ദുരിതത്തില്‍. കരകവിഞ്ഞ് മറിയുന്ന കടല്‍ എതു നിമിഷവും തങ്ങളുടെ വീടുകളടക്കം തകര്‍ക്കുമെന്ന ആശങ്കയിലാണ് ചെല്ലാനത്തെ ജനങ്ങള്‍. ഇവിടെ കടല്‍ നൂറുമീറ്ററോളം കരയിലേക്ക് കയറി. തീരത്ത് നിന്ന് അറുപതിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു. അധികൃതരുടെ അനാസ്ഥമൂലം വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന കടല്‍ഭിത്തികള്‍ പുനസ്ഥാപിക്കാത്തതും, തോട്ടിലെ മണ്ണ് വാറിയെടുക്കാത്തും ദുരന്തത്തിന്റെ ആക്കം കൂട്ടി. പുലര്‍ച്ചെ മുതല്‍ കടല്‍ ഇങ്ങനെയാണ്. കരിങ്കല്‍ ഭിത്തി തകര്‍ത്ത് കടല്‍ കരയിലേക്ക് കയറി. ചെല്ലാനത്ത് മാത്രം നൂറിലധികം വീടുകളില്‍ വെള്ളം നിറഞ്ഞു. എഴുന്നൂറോളം പേരെ ഒഴിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രിയോടെ ആഞ്ഞടിച്ച കടല്‍ ചെല്ലാനം കണ്ണമാലി എവനക്കാട് പ്രദേശത്തെ ഒട്ടുമുക്ക വീടുകളെയും വെള്ളത്തിലാഴ്ത്തി. കുട്ടികളും പ്രായമായവരുമടക്കം നിരവധി ആളുകളാണ് വീടുപേക്ഷിച്ച് ക്യാമ്പുകളില്‍ അഭയം തേടിയത്. നൂറ്റമ്പതോളം കുടുംബങ്ങളില്‍ നിന്നായി എഴുന്നൂറോളം പേരെയാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചത്. ക്യാമ്പുകളില്‍ നിന്ന് തിരിച്ചെത്തിയാല്‍ തങ്ങളുടെ വീടുകള്‍ തത്സ്ഥാനത്തുണ്ടാകുമോ എന്നു പോലും അറിയാതെ ഉടുതുണിക്ക് മറുതുണിപോലുമില്ലാത്ത അവസ്ഥയിലാണ് ഇവിടത്തുകാര്‍.

https://www.facebook.com/SouthLiveNews/videos/1747840968581045/

Read more

ജില്ലാ ഭരണകൂടം, റവന്യൂ, ആരോഗ്യവകുപ്പുകള്‍, പൊലീസ്, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടന്നത്. എടവനക്കാട് യുപി സ്‌കൂള്‍, ചെല്ലാനം സെന്റ് മേരീസ് സ്‌കൂള്‍ തുടങ്ങിയിടങ്ങളിലാണ് ഇവരെ മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. വൈപ്പിന്‍ എടവനക്കാട് മേഖലയിയിലും കടല്‍ക്ഷോഭം രൂക്ഷമാണ്. ഇവിടെ എഴുപതോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കടല്‍ഭിത്തിയും പുലിമുട്ടുകളും ശക്തിപ്പെടുത്താതാണ് സ്ഥിതി ഇത്രയും രൂക്ഷമാകാന്‍ കാരണം.