യുവനടിയെ ബലാത്സംഗം ചെയ്ത കേസ്: ഒമർ ലുലുവിൻ്റെ മുൻകൂർ ജാമ്യഹർജി മാറ്റി; ഓഗസ്റ്റ് രണ്ടിന് പരിഗണിക്കും

യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ സംവിധായകൻ ഒമർ ലുലുവിൻ്റെ മുൻകൂർ ജാമ്യഹർജി മാറ്റി. ഹർജി ഓഗസ്റ്റ് രണ്ടിന് പരിഗണിക്കും. ജസ്റ്റിസ് സിഎസ് ഡയസാണ് ഹർജി പരിഗണിക്കുന്നത്. ജാമ്യഹർജിയെ എതിർത്ത് പീഡനത്തിന് ഇരയായ നടി കക്ഷി ചേർന്നിരുന്നു.

ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് ഒമർ ലുലുവിന്റെ വാദം. എന്നാൽ തന്നെ എംഡിഎംഎ കലർത്തിയ പാനീയം നൽകി മയക്കി ബലാത്സംഗം ചെയ്തെന്നാണ് നടി പറയുന്നത്. നേരത്തെ കേസിൽ ഒമർ ലുലുവിന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം നൽകിയിരുന്നു. ഒമർ ലുലുവിനെ അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിൽ വിട്ടയക്കണമെന്നും ഉത്തരവിൽ കോടതി പറഞ്ഞിരുന്നു.

കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു സിനിമയിൽ അവസരം നൽകാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്തെന്നാണ് നെടുമ്പാശ്ശേരി പൊലീസിന് നൽകിയ പരാതിയിൽ യുവനടി പറയുന്നത്. അതേസമയം വ്യക്തി വിരോധം മൂലമാണ് നടി തനിക്കെതിരെ പരാതി നൽകിയെതെന്നായിരുന്നു ഒമർ ലുലു തന്റെ പക്ഷം ന്യായീകരിച്ചത്.