ചേന്ദമംഗലം കവലയില്‍ സൈക്കിളില്‍ സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥി സംഭവിക്കാമായിരുന്ന വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോംഗാര്‍ഡ് എം.ജെ. തോമസിന്റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന്. സിഗ്നല്‍ വീണപ്പോള്‍ വിദ്യാര്‍ഥിയുടെ സൈക്കിളും ഇരുചക്രവാഹനങ്ങളും മുന്നോട്ട് എടുത്തതിന് തൊട്ടുപിന്നാലെ ബസ് ഇടത്തോട്ടു തിരിഞ്ഞു. സൈക്കിളിന്റെ പിന്‍ചക്രം ബസിന്റെ ഇടതുവശത്തെ മുന്‍ചക്രത്തിന്റെ ഇടയില്‍പ്പെട്ടു.
ഇത് കണ്ടുനിന്ന ഹോംഗാര്‍ഡ് തോമസ് ഉച്ചത്തില്‍ ശബ്ദം വെച്ച് ഓടിയെത്തി. അത് കേട്ട് ബസ് ഡ്രൈവര്‍ വണ്ടി നിര്‍ത്തിയതിനാല്‍ വിദ്യാര്‍ഥി ടയറിനടിയില്‍പ്പെടാതെ രക്ഷപ്പെട്ടു. ബസ് ജീവനക്കാര്‍ സൈക്കിള്‍ നന്നാക്കി നല്കി.
വീതികുറഞ്ഞ ചേന്ദമംഗലം കവല വികസിപ്പിക്കണമെന്നുള്ള ആവശ്യം ശക്തമാണെങ്കിലും അധികൃതര്‍ക്ക് അത് യാഥാര്‍ഥ്യമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
Read more
മുന്‍ സൈനികനായ എം.ജെ. തോമസ് 12 വര്‍ഷമായി പറവൂരില്‍ ഹോംഗാര്‍ഡാണ്. തോമസ് ട്രാഫിക് നിയന്ത്രിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്. മികച്ച ഹോംഗാര്‍ഡിനുള്ള സംസ്ഥാനതല പുരസ്കാരം ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.