പാലാരിവട്ടം പാലം അഴിമതി കേസില്‍ ആരോപണ വിധേയനായ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ പിന്തുണച്ച് ഉമ്മന്‍ചാണ്ടി. പാലാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഇത്തരമൊരു നീക്കം സര്‍ക്കാര്‍ നടത്തുന്നത് എന്തിനാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പാലാരിവട്ടം അഴിമതി കേസില്‍ സര്‍ക്കാര്‍ അന്വേഷണം നടക്കട്ടേ എന്നും അതിനെ ആരും എതിര്‍ത്തിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഇബ്രാഹിംകുഞ്ഞും അന്വേഷണത്തെ സ്വാഗതം ചെയ്തിട്ടുള്ളതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതേസമയം, പാലം അഴിമതി കേസില്‍ ഇബ്രാഹിംകുഞ്ഞടക്കമുള്ളവര്‍ക്ക് എതിരെയുള്ള അന്വേഷണം വേഗത്തിലാക്കാന്‍ വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്. പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം പഴുതുകളില്ലാത്ത വിധം മുന്‍ മന്ത്രിയെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. അടുത്തയാഴ്ച തെളിവുകള്‍ അന്വേഷണ സംഘം ഹൈക്കോടതിയില്‍ അറിയിക്കും.
അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് തന്നെ ഇബ്രാഹിംകുഞ്ഞിനെതിരെ കടുത്ത ആരോപണം ഉന്നയിച്ച പശ്ചാത്തലത്തില്‍ നടപടി അധികം വൈകുന്നത് പൊതുജന മധ്യത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കുമെന്നാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഈ പശ്ചാത്തലത്തില്‍ ഇബ്രാഹിംകുഞ്ഞിനൊപ്പം കിറ്റ്‌കോയിലെയും റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനിലെയും ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് വിജിലന്‍സ് തീരുമാനം.