ഒരു വശത്ത് കൊലക്കത്തിക്ക് മൂര്‍ച്ച കൂട്ടും മറുവശത്ത് ഇരയായി അഭിനയിക്കും, അമിത് ഷായുടെ ബലിദാനി പരാമര്‍ശം കൊലവിളിയെന്ന് ദേശാഭിമാനി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ബലിദാനി പരാമര്‍ശം കൊലവിളിയെന്ന് ദേശാഭിമാനി മുഖപ്രസംഗം. ഇതര സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ രാഷ്ട്രഭക്തി മാത്രം മതിയെങ്കില്‍ കേരളത്തില്‍ പ്രവര്‍ത്തകര്‍ക്ക് ബലിദാനം ചെയ്യാനുള്ള ശക്തിയുംകൂടി വേണമെന്നാണ് അമിത് ഷാ പറഞ്ഞത്. കലാപാഹ്വാനമാണ് ആഭ്യന്തരമന്ത്രിയില്‍ നിന്നുണ്ടായതെന്ന് ദേശാഭിമാനി പറഞ്ഞു.

ബിജെപി പ്രവര്‍ത്തകരോട് ബലിദാനികളാകാന്‍ പരസ്യമായി ആഹ്വാനം ചെയ്യുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി. അമിത് ഷായുടെ ഈ നടപടി അപലപനീയമാണ്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന വ്യക്തി തന്നെ ക്രമസമാധാനം തകര്‍ക്കുന്ന പ്രസ്താവനകളുമായി രംഗത്തുവന്നാല്‍ എന്തുചെയ്യുമെന്നും ദേശാഭിമാനി ചോദിക്കുന്നു.

ഒരു വശത്ത് കൊലക്കത്തിക്ക് മൂര്‍ച്ച കൂട്ടുകയും മറുവശത്ത് ഇരയായി അഭിനയിക്കുകയും ചെയ്യുകയെന്ന ആര്‍എസ്എസ്-ബിജെപി കാപട്യം കേരളീയര്‍ക്ക് തിരിച്ചറിയാനാകുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ബിജെപിക്ക് ഇവിടെ ആഴത്തില്‍ വേരുറപ്പിക്കാന്‍ കഴിയാത്തത്. അമിത് ഷായുടെ പ്രസ്താവനയിലെ കാപട്യവും കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുകയും തള്ളിക്കളയുകയും ചെയ്യുമെന്ന് ദേശാഭിമാനി മുഖപ്രസംഗത്തില്‍ പറയുന്നു.

ദേശാഭിമാനി മുഖപ്രസംഗം പൂര്‍ണരൂപം

രാജ്യത്ത് ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ചുമതല പ്രധാനമായും ആഭ്യന്തരവകുപ്പിനാണ്. എന്നാല്‍, ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന വ്യക്തിതന്നെ ക്രമസമാധാനം തകര്‍ക്കുന്ന പ്രസ്താവനകളുമായി രംഗത്തുവന്നാല്‍ എന്തുചെയ്യും. കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രിയും കേന്ദ്ര ഭരണകക്ഷിയിലെ രണ്ടാമനുമായി എണ്ണപ്പെടുന്ന അമിത് ഷായാണ് കലാപാഹ്വാനവുമായി രംഗത്തുവന്നിട്ടുള്ളത്. ഇതര സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ രാഷ്ട്രഭക്തിമാത്രം മതിയെങ്കില്‍ കേരളത്തില്‍ പ്രവര്‍ത്തകര്‍ക്ക് ബലിദാനം ചെയ്യാനുള്ള ശക്തിയുംകൂടി വേണമെന്നാണ് അമിത് ഷാ പറഞ്ഞത്. കേരള സന്ദര്‍ശനത്തിനിടയില്‍ കഴക്കൂട്ടത്ത് നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയില്‍ നിന്നുതന്നെ ഇത്തരത്തിലുള്ള കലാപാഹ്വാനമുണ്ടായത്. ബിജെപി പ്രവര്‍ത്തകരോട് ബലിദാനികളാകാന്‍ പരസ്യമായി ആഹ്വാനം ചെയ്യുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി. അമിത് ഷായുടെ ഈ നടപടി അപലപനീയമാണ്.

ഇതര സംസ്ഥാനങ്ങളില്‍ ബിജെപി എങ്ങനെയാണ് വളര്‍ന്നതെന്ന് എല്ലാവര്‍ക്കുമറിയാം. അയോധ്യയിലെ രാമക്ഷേത്രവിഷയമുയര്‍ത്തി വര്‍ഗീയകലാപങ്ങള്‍ നടത്തി സൃഷ്ടിച്ചെടുത്ത ധ്രുവീകരണത്തിലൂടെയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരം പിടിച്ചെടുത്തത്. അത് നിലനിര്‍ത്താനായി പശുരാഷ്ട്രീയവും ലൗജിഹാദും ഘര്‍വാപസിയും പൗരത്വനിയമവും തരാതരം വിഷയമാക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസ് എതിരാളിയായ സംസ്ഥാനങ്ങളിലാണ് ബിജെപി പ്രധാനമായും വളര്‍ന്നിട്ടുള്ളത്. അമിത് ഷാതന്നെ സൂചിപ്പിച്ചപോലെ ‘ഇന്ത്യന്‍ ജനങ്ങളുടെ മനസ്സില്‍നിന്ന് കോണ്‍ഗ്രസ് അതിവേഗം അപ്രത്യക്ഷമാകുന്നിടത്താണ്’ ബിജെപി വേരുറപ്പിക്കുന്നത്. അതായത് ബിജെപിയെ രാഷ്ട്രീയമായും ആശയപരമായും എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ബിജെപിയെ തോല്‍പ്പിക്കാന്‍, അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുത്വരാഷ്ട്രീയത്തിന്റെ മൃദുരൂപം സ്വീകരിച്ച് കോണ്‍ഗ്രസില്‍ അവശേഷിച്ചവരെക്കൂടി ബിജെപി പാളയത്തിലേക്ക് നയിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചുവരുന്നത്. മാത്രമല്ല, ഇതരസംസ്ഥാനങ്ങളില്‍ കോടികള്‍ നല്‍കി എംഎല്‍എമാരെ വിലയ്ക്കുവാങ്ങാനും ബിജെപിക്ക് കഴിയുന്നു. കര്‍ണാടകത്തിലും മധ്യപ്രദേശിലും ഭൂരിപക്ഷം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഏറ്റവും അവസാനമായി മഹാരാഷ്ട്രയിലും ബിജെപി അധികാരത്തില്‍ വന്നത് എംഎല്‍എമാരെ വിലയ്ക്കുവാങ്ങിയായിരുന്നു.

എന്നാല്‍, ബിജെപിയുടെ ഈ പതിവ് രാഷ്ട്രീയ കുതന്ത്രങ്ങളൊന്നും കേരളത്തില്‍ വിലപ്പോകുന്നില്ല. ബിജെപിയെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും എതിര്‍ക്കുന്ന സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയും കേരളത്തിലുണ്ട്. അതുകൊണ്ട്, മറ്റ് സംസ്ഥാനങ്ങളിലേതുപോലെ വര്‍ഗീയ ധ്രുവീകരണത്തിലൂടെ നേട്ടം കൊയ്യാന്‍ ഇവിടെ കഴിയുന്നില്ല. പ്രബുദ്ധമായ രാഷ്ട്രീയ സംസ്‌കാരം നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ എംഎല്‍എമാരെ വിലയ്ക്കുവാങ്ങാനും ബിജെപിക്ക് കഴിയുന്നില്ല. അതിനാല്‍ അമിത് ഷാ ആഗ്രഹിക്കുന്നതുപോലെ ‘കേരളവും മോദിജിയുടെ യാത്രയ്ക്കൊപ്പം ചേരണമെങ്കില്‍’ രാഷ്ട്രീയ എതിരാളികളെ പ്രത്യേകിച്ചും സിപിഐ എമ്മിനെതിരെ ആക്രമണം അഴിച്ചുവിടണമെന്നാണ് ആഹ്വാനം. അക്രമം അഴിച്ചുവിട്ട്, ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് കേരളത്തില്‍ ഇടപെടാനുള്ള അവസരമൊരുക്കണമെന്നാണ് ആഹ്വാനം. ഗവര്‍ണര്‍ സമീപകാലത്തായി സ്വീകരിക്കുന്ന ഇടങ്കോലിടല്‍ നയവും ഇതിനോടൊപ്പം കൂട്ടിവായിക്കണം.

സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെയും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിനുനേരെയും കോര്‍പറേഷന്‍ കൗണ്‍സിലറിനുനേരെയും നടന്ന ആക്രമണങ്ങളും ഇതിന്റെ ഭാഗമായി വേണം കരുതാന്‍.കേരളത്തില്‍ ബിജെപിക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യമില്ലെന്നും അവരെ കൊന്നൊടുക്കുകയാണെന്നുമുള്ള പ്രചാരണം കുറേക്കാലമായി സംഘപരിവാര്‍ നടത്തിവരുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ മലയാളികള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചാരണത്തിന്റെ രൂപവും ഇത് കൈവരിച്ചിട്ടുണ്ട്. എന്നാല്‍ വസ്തുതയെന്താണ്. സിപിഐഎമ്മിന്റെ 203 കേഡര്‍മാരും നേതാക്കളുമാണ് ആര്‍എസ്എസ് കൊലക്കത്തിക്ക് ഇരയായത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷംമാത്രം 17 സിപിഐ എം പ്രവര്‍ത്തകരെയാണ് കാവിപ്പട വധിച്ചത്. ഒരു വശത്ത് കൊലക്കത്തിക്ക് മൂര്‍ച്ച കൂട്ടുകയും മറുവശത്ത് ഇരയായി അഭിനയിക്കുകയും ചെയ്യുകയെന്ന ആര്‍എസ്എസ്-ബിജെപി കാപട്യം കേരളീയര്‍ക്ക് തിരിച്ചറിയാനാകുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ബിജെപിക്ക് ഇവിടെ ആഴത്തില്‍ വേരുറപ്പിക്കാന്‍ കഴിയാത്തത്. അമിത് ഷായുടെ പ്രസ്താവനയിലെ കാപട്യവും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ തിരിച്ചറിയുകയും തള്ളിക്കളയുകയും ചെയ്യും.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം