പത്താം ദിവസവും രക്ഷാദൗത്യം ഫലം കണ്ടില്ല; ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു; ഒഴുക്ക് വീണ്ടും വില്ലനായി

കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ശക്തമായതാണ് രക്ഷാദൗത്യത്തിന് തടസമാകുന്നത്. അടിയൊഴുക്ക് ശക്തമായി നിലനില്‍ക്കുന്നതിനാല്‍ പുഴയിലിറങ്ങി പരിശോധന നടത്തുന്നത് ദുഷ്‌കരമാണെന്ന് നാവികസേന അറിയിച്ചു.

നേവിയുടെ സോണാര്‍ പരിശോധനയിലും സൈന്യത്തിന്റെ റഡാര്‍ പരിശോധനയിലും ഗംഗാവലി പുഴയുടെ തീരത്ത് 20 മീറ്റര്‍ ആഴത്തില്‍ ട്രക്ക് കണ്ടെത്തിയതായി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ട്രക്കിന്റെ ക്യാബിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിഫലമായിരുന്നു. അര്‍ജുന്റെ ട്രക്കിലുണ്ടായിരുന്ന തടികള്‍ 12 കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തി.

പുഴയുടെ സമീപത്ത് താമസിക്കുന്നവര്‍ വിറകിനായി ശേഖരിച്ച ഒഴുകിയെത്തിയ തടിക്കഷ്ണങ്ങള്‍ക്കിടയിലാണ് അര്‍ജുന്റെ വാഹനത്തിലുണ്ടായിരുന്ന തടിക്കഷ്ണങ്ങളും കണ്ടെത്തിയത്. പ്രദേശത്ത് തുടരുന്ന ശക്തമായ മഴയാണ് രക്ഷാദൗത്യത്തിന് തിരിച്ചടിയാകുന്നത്. കനത്ത മഴയെ തുടര്‍ന്ന് ഗംഗാവലി പുഴയിലെ ഒഴുക്ക് ശക്തമായിട്ടുണ്ട്.

അര്‍ജുന്റെ ലോറി വെള്ളത്തിനടിയിലുള്ളതായി നാവിക സേന ഉള്‍പ്പെടെ സ്ഥിരീകരിച്ചു. എന്നാല്‍ അര്‍ജുന്റെ ലോറിയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്ത് നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ എത്തിയെങ്കിലും ഡങ്കി ബോട്ടുകള്‍ക്ക് നിലയുറപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സങ്കീര്‍ണമാകുന്നുണ്ട്.

ശക്തമായ അടിയൊഴുക്ക് കാരണം നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ക്ക് ലോറി കണ്ടെത്തിയ ഭാഗത്ത് വെള്ളത്തിനടിയില്‍ പരിശോധന നടത്താന്‍ സാധിക്കുന്നില്ല. പുഴയിലുള്ളത് അര്‍ജുന്റെ ലോറി തന്നെയാണെന്ന് ഐബോഡ് പരിശോധനയിലും തെളിയിച്ചു. അതേസമയം ട്രക്കില്‍ മനുഷ്യസാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല.