പാനൂർ ബോംബ് സ്‌ഫോടന കേസിൽ ഒരാൾ കസ്റ്റഡിയിൽ. പാനൂർ കൈവേലിക്കൽ സ്വദേശി അരുണിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്‌ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത് അണുനിന്റെ നേതൃത്വത്തിലായിരുന്നു. എന്നാൽ ബോംബ് സ്‌ഫോടനവുമായി ഇയാൾക്ക് എന്തെങ്കിലും ബന്ധമുള്ളതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഇന്നലെ നടന്ന സ്‌ഫോടനത്തിൽ ഷെറിൻ എന്നയാളാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിൽ നാലുപേർക്കാണ് പരിക്ക് പറ്റിയത്. മീത്തലെകുന്നോത്ത്പറമ്പ് സ്വദേശി വിനോദ്, സെൻട്രൽ കുന്നോത്ത്പറമ്പ് സ്വദേശി അശ്വന്ത്, വിനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ വിനീഷ് എന്നയാൾക്ക് ഗുരുതര പരിക്കുണ്ട്. ഇയാളുടെ രണ്ട് കൈപ്പത്തികളും ചിന്നിച്ചിതറിപ്പോയി. ഇയാൾ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
പരിക്കേറ്റ വിനോദ് പരിയാരം മെഡിക്കൽ കോളജിലും അശ്വന്ത് തലശ്ശേരി സഹകരണ ആശുപത്രിയിലും ചികിത്സയിലാണ്. രണ്ടുപേരുടെയും പരിക്ക് ഗുരുതരമല്ല. ഇവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. അതേസമയം നാലുപേർക്ക് പരിക്കേറ്റിട്ടും പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ കൊല്ലപ്പെട്ട ഷെറിന്റെയും വിനീഷിന്റെയും പേര് മാത്രമാണുള്ളത്. അശ്വന്തിന്റെയും വിനോദിന്റെയും പേര് എഫ്ഐആറിൽ ഇല്ല. ഇതിൽ പ്രതിഷേധം ഉയരുന്നുണ്ട്.
വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പാനൂരിൽ ഇന്ന് സമാധാന സന്ദേശയാത്ര നടത്തുന്നുണ്ട്. സിപിഎം ആണ് ബോംബ് നിർമാണത്തിന് പിന്നിലെന്നും ബോംബ് ഉണ്ടാക്കി ആക്രമണം നടത്താനും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുമാണ് സിപിഎം നീക്കമെന്നും യുഡിഎഫ് ആരോപിച്ചു.