'ബല്‍റാമിനെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്ന് കരുതേണ്ട'; വിടി ബല്‍റാമിന് പിന്തുണയുമായി ഉമ്മന്‍ ചാണ്ടി തൃത്താലയില്‍

എകെജിയെ ബാലപീഡകനെന്ന് അധിക്ഷേപിച്ച വിടി ബല്‍റാമിന് പിന്തുണയുമായി ഉമ്മന്‍ചാണ്ടി തൃത്താലയിലെത്തി. ബല്‍റാമിനെതിരായ സംഘര്‍ഷത്തില്‍ സിപിഐഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് വ്യക്തമാക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. വി ടി ബല്‍റാമിന്റെ നാവ് പിഴുതെടുക്കുമെന്ന് സി പി എം നേതാവ് പറഞ്ഞതിനെക്കുറിച്ചും മുഖ്യമന്ത്രി നിലപാട് പറയണം. ഫാസിസ്റ്റ് പ്രവണത അംഗീകരിച്ചു കൊടുക്കില്ലെന്നും സിപിഎം തെറ്റ് തിരുത്തണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ബല്‍റാമിനെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്ന് കരുതേണ്ട എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

നേരത്തെ വി ടി ബല്‍റാമിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ രംഗത്ത് എത്തിയിരുന്നു. അഭിപ്രായം പറയുന്നവരെ ആക്രമിച്ച് നിശബ്ദരാക്കാനുള്ള ഈ ഹീനശ്രമത്തിലൂടെ പ്രകടമാകുന്നത് സിപിഎമ്മിന്റെ ഫാസിസ്റ്റ് ശൈലിയാണെന്ന് വി എം സുധീരന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

തന്റെ നിയോജക മണ്ഡലത്തിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ എംഎല്‍എ വി.ടി. ബല്‍റാമിന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും അദ്ദേഹത്തിനു നേരെ അക്രമം നടത്തുകയും ചെയ്ത സിപിഎം പ്രവര്‍ത്തകരുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് സുധീരന്‍ നേരത്തെ പറഞ്ഞിരുന്നു.

അഭിപ്രായങ്ങളോട് വിയോജിക്കുന്നതും വ്യവസ്ഥാപിതമായി പ്രതിഷേധിക്കുന്നതും മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ അഭിപ്രായം പറയുന്നവരെ ആക്രമിച്ച് നിശബ്ദരാക്കാനുള്ള ഈ ഹീനശ്രമത്തിലൂടെ പ്രകടമാകുന്നത് സിപിഎമ്മിന്റെ ഫാസിസ്റ്റ് ശൈലിയാണ്. ഇത് അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറാകണം. ഇല്ലെങ്കില്‍ ഭരണരംഗത്ത് തീര്‍ത്തും പരാജയപ്പെട്ട സിപിഎം ജനങ്ങളില്‍നിന്നും കൂടുതല്‍ ഒറ്റപ്പെടുമെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു.