ലൈഫ് മിഷൻ പദ്ധതിയെ കുറിച്ച് സർക്കാർ പറയുന്നത് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 4.25 കോടി രൂപയുടെ കമ്മീഷൻ ഇടപാട് നടന്നത് ഉന്നതരുടെ അറിവോടെ ആണെന്നും കോഴയ്ക്ക് സാക്ഷി ധനമന്ത്രി തോമസ് ഐസക് ആണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
രമേശ് ചെന്നിത്തലയുടെ പ്രസ്താവന:
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് റെഡ് ക്രെസെന്റും യൂണിറ്റാക്കും തമ്മിലുള്ള ഇടപാടിനെ കുറിച്ച് സർക്കാരിന് ഒന്നുമറിയില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
പദ്ധതി നടത്തിപ്പിൻറെ എല്ലാ ഘട്ടത്തിലും സർക്കാർ ഇടപെടൽ ഉണ്ടായിട്ടുണ്ട്. പദ്ധതിയുടെ രൂപരേഖ യൂണിറ്റാക്ക് സമർപ്പിച്ചത് ലൈഫ് മിഷനാണ്. ലൈഫ് മിഷൻ സിഇഒ യൂ വി ജോസ് റെഡ് ക്രെസെന്റിനു ഓഗസ്റ്റ് 26, 2019 ൽ നൽകിയ കത്തിൽ പറയുന്നത് പദ്ധതി രൂപരേഖ പരിശോധിച്ചു എന്നും യൂണിറ്റാക്കിന് അത് നല്കാമെന്നുമാണ്. ഇതുമായി ബന്ധപ്പെട്ട് ഒന്നല്ല, നാലേകാൽ കോടി രൂപയുടെ ഇടപാട് നടന്നു എന്ന് വെളിപ്പെടുത്തിയിരിക്കുന്നത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാണ്. അതിനെ ധനകാര്യ മന്ത്രിയും നിയമമന്ത്രിയും പിന്താങ്ങുകയും ചെയ്തിരിക്കുന്നു.
ലൈഫ് മിഷൻ പദ്ധതിയിൽ വൻ കോഴ നടന്നു എന്നറിഞ്ഞിട്ട് മിണ്ടാതിരിക്കുകയായിരുന്നു ധനമന്ത്രി. ട്രഷറി തട്ടിപ്പിൽ മൂകസാക്ഷിയായ ധനമന്ത്രിയാണ് ലൈഫ് പദ്ധതിയിൽ കോഴസാക്ഷിയായിരിക്കുന്നത്. പദ്ധതിയുടെ ധാരണാ പത്രത്തിൽ ഒപ്പിടാനുള്ള ഫയൽ തദ്ദേശസ്വയംഭരണ സെക്രട്ടറിയുടെയും നിയമവകുപ്പിന്റെയും കൈയ്യിലെത്തുന്നത് മണിക്കൂറുകൾ മുൻപാണ്. ഫയലിലെ അവ്യക്‌തതയെ കുറിച്ച് സൂചിപ്പിച്ച നിയമവകുപ്പിൽ നിന്നും സമയക്കുറവു പറഞ്ഞു ശിവശങ്കർ നിർബന്ധിച്ചു തിരികെ വാങ്ങുകയായിരുന്നു. സർക്കാരിന്റെ ഉന്നത തലങ്ങളിൽ നടന്ന ഗൂഢാലോചനയുടെ ഫലമാണിത്. വിവാദമായപ്പോൾ മുഖ്യമന്ത്രി ഫയൽ വിളിപ്പിച്ചെന്നാണ് പറയുന്നത്. തനിക്കൊരു ബന്ധവുമില്ലെന്ന് കാണിക്കാനുള്ള വിഫലശ്രമം.
പദ്ധതിയുടെ ധാരണാപത്രത്തിന്റെ ഒരു കോപ്പി ചോദിച്ചിട്ട് ഇത്ര കാലമായിട്ടും തരാനുള്ള ജനാധിപത്യമര്യാദ കാണിക്കാത്ത സർക്കാരാണിത്. ജനങ്ങളുടെ മുന്നിൽ കള്ളം പറഞ്ഞു തുടരാമെന്നു മുഖ്യമന്ത്രി ധരിക്കേണ്ട. മുഖ്യമന്ത്രിയുടെ രാജിയും അഴിമതി ആരോപണങ്ങളിൽമേൽ സിബിഐ അന്വേഷണവും ആവശ്യപ്പെട്ട് യുഡിഎഫ് വാർഡ് തല സത്യാഗ്രഹം ഓഗസ്റ്റ് 27-ന് നടക്കും.
Read more
https://www.facebook.com/rameshchennithala/posts/3423211371070678