ബ്രൂവറി വിഷയം ഇന്നും സഭയിൽ ആളികത്തിക്കാൻ പ്രതിപക്ഷം; മുഖ്യമന്ത്രിയുടെ മറുപടി ഇന്ന്

ബ്രൂവറി വിഷയം നിയമസഭയിൽ ഇന്നും ചർച്ചയാക്കാൻ പ്രതിപക്ഷം. കഞ്ചിക്കോട് ബ്രൂവറി അനുവദിച്ചതിൽ ഗുരുതര അഴിമതി ആരോപണമാണ് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ആരോപണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ മറുപടി പറയും. നയ പ്രഖ്യാപന പ്രസംഗത്തിൻ്റെ നന്ദി പ്രമേയ ചർച്ചക്കുള്ള മറുപടിയിലാണ് വിവാദങ്ങൾക്ക് മുഖ്യമന്ത്രി ഉത്തരം നൽകുക.

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ചട്ടപ്രകാരം എഴുതി നൽകിയിരുന്ന അഴിമതി ആരോപണങ്ങൾക്ക് എക്സൈസ് മന്ത്രി എംബി രാജേഷ് ഇന്ന് വിശദീകരണം നൽകും. വന്യജീവി ആക്രമണം ഭരണപക്ഷം ശ്രദ്ധ ക്ഷണിക്കലായി സഭയിൽ ഉന്നയിക്കുന്നുണ്ട്.

മുണ്ടക്കൈ -ചൂരൽമല പുനരധിവാസം, ടിപി വധക്കേസ് പ്രതികൾക്ക് പരോൾ ലഭിച്ചത് തുടങ്ങിയ നിരവധി വിഷയങ്ങൾ ചോദ്യോത്തര വേളയിൽ ഉയരും. ഇന്ന് പിരിയുന്ന സഭ ഇടവേളക്ക് ശേഷം ഇനി ഫെബ്രുവരി 7ന് വീണ്ടും ചേരും.

Read more