ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചന നല്‍കി ഗവര്‍ണര്‍. തന്നെയാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ താന്‍ തന്നെ അതിന്റെ വിധികര്‍ത്താവാകില്ല. ഓര്‍ഡിനന്‍സ് കണ്ട ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. നിയമപരമായി നീങ്ങാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ അത് സ്വാഗതം ചെയ്യുന്നുവെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു.
ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ മുമ്പേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓര്‍ഡിനന്‍സില്‍ രാജ്ഭവന്റെ തീരുമാനമെന്തായാലും പിന്നോട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഓര്‍ഡിനന്‍സ് വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ രാജ്ഭവന് കൈമാറിയത്. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് രാഷ്ട്രപതിക്ക് കൈമാറാനാകില്ലെന്ന നിയമോപദേശം സര്‍ക്കാരിന് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
ചാന്‍സലര്‍ പദവിയില്‍നിന്ന് നീക്കിയുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടുമെന്ന് സര്‍ക്കാര്‍ കരുതുന്നില്ല. അതിനാല്‍ നിയമസഭ വിളിച്ച് ബില്ല് കൊണ്ടുവരാനുള്ള സാധ്യതയും സര്‍ക്കാര്‍ തേടുന്നത്. അടുത്ത മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
അതിനിടെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം തുടങ്ങി ക്രിസ്മസ് അവധിക്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ച ശേഷം ജനുവരിയിലും തുടരാനാണ് ആലോചന. ഇതോടെ പുതുവര്‍ഷത്തില്‍ ആദ്യ നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങുന്നത് ഒഴിവാക്കാനാകും.