തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവെച്ച രോഗി മരിച്ചു. കൊച്ചിയില്‍ നിന്നും വൃക്ക കൃത്യസമയത്ത് എത്തിച്ചിരുന്നു. എന്നിട്ടും ശസ്ത്രക്രിയ നാല് മണിക്കൂര്‍ വൈകിയാണ് നടന്നതെന്നാണ് ആരോപണം. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. എന്നാല്‍ ഒമ്പത് മണിയോടെയാണ് ശസ്തക്രിയ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
54കാരനാണ് മരിച്ചത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്നും പ്രത്യേക സംവിധാനങ്ങളോടെയാണ് അവയവം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായാണ് വിലയിരുത്തപ്പെടുന്നത് സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശം അനുസരിച്ച് പ്രാഥമിക അന്വഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം കിഡ്നിമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിക്ക് ഡയാലിസിസ് നടത്തണം. അതേ തുടര്‍ന്നാണ് ശസ്ത്രക്രിയ വൈകിയതെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് ശസ്ത്രക്രിയക്കായി തിരുവനന്തപുരത്ത് എത്തിച്ചത്.
കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന സമയത്ത് തന്നെ ഡയാലിസിസ് ആരംഭിച്ചിരുന്നുവെങ്കില്‍ കാലതാമസം ഒഴിവാക്കാമായിരുന്നുവെന്നും നെഫ്രോളജി,യൂറോളജി വിഭാഗങ്ങള്‍ സംയുക്തമായി നടത്തണ്ട ശസ്ത്രക്രിയയ്ക്ക് വേണ്ടി രോഗിയെ സജ്ജമാക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.