ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ അനുരഞ്ജനത്തിന് മറ്റ് ക്രൈസ്‍തവ സഭകള്‍ ഇടപെടുന്നു. സമവായത്തിലൂടെ പ്രശ്‍നപരിഹാരം ഉണ്ടാക്കണമെന്നാണ് സഭകള്‍ മുന്നോട്ട് വെയ്ക്കുന്ന ആവശ്യം. മറ്റ് സഭകളുടെ തലവന്മാര്‍ ഇരുസഭയുടെയും അദ്ധ്യക്ഷന്മാര്‍ക്ക് കത്ത് നല്‍കി. അനുരഞ്ജന ശ്രമം വാഗ്ദാനം ചെയ്തുകൊണ്ടുള്ള സഭാ മേലദ്ധ്യക്ഷന്‍മാരുടെ കത്തിനെ യാക്കോബായ സഭ സ്വാഗതം ചെയ്യുന്നുണ്ട്. കര്‍ദ്ദിനാള്‍മാരായ മാർ ജോർജ് ആലഞ്ചേരി, ബസേലിയോസ് മാർ ക്ലീമീസ്, ആർച്ച് ബിഷപ് സൂസെപാക്യം, ജോസഫ് മർത്തോമാ മെത്രാപ്പോലീത്ത എന്നിവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. മറ്റ് സഭകളുടെ അനുരഞ്‍ജന നീക്കത്തോട് സഹകരിക്കുമെന്ന് യാക്കോബായ സഭ വ്യക്തമാക്കി.
സഭാതര്‍ക്കം വേദനാജനകമായ സംഗതിയാണ്. ശവസംസ്‌കാരം, പള്ളിപ്രവേശനം തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത് ക്രൈസ്തവ സമൂഹത്തിന് വലിയ വേദന സൃഷ്ടിക്കുന്നു. അതുകൊണ്ട് സഭാതര്‍ക്കം പരിഹരിക്കുന്നതിന് മദ്ധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു കൊണ്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. സുപ്രീം കോടതി വിധിയോടെ ഇരു വിഭാഗങ്ങളും തമ്മില്‍ ഭിന്നത രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ 2019 നവംബര്‍ 27-ന് സഭാദ്ധ്യക്ഷന്‍മാര്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ ഉണ്ടായ തീരുമാനപ്രകാരമാണ് സഭാതര്‍ക്കത്തില്‍ ഇടപടാനും മദ്ധ്യസ്ഥത വഹിക്കാനും തീരുമാനമായത്. എന്നാല്‍ ഇതിന് മുമ്പും സഭാതര്‍ക്കത്തില്‍ അനുരഞ്ജനത്തിന് മറ്റ് ക്രൈസ്‍തവ സഭകള്‍ ഇടപെട്ടിരുന്നു. പക്ഷേ അതൊന്നും ഫലവത്താകാതെ പോകുകയായിരുന്നു.
അതേസമയം കത്തിനോട് ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതികരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം വിട്ട് കിട്ടാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഓർത്തഡോക്സ് സഭ വികാരി തോമസ് പോൾ റമ്പാന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഉച്ചക്ക് ഒന്നേമുക്കാലിനാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാർ കേസിന്‍റെ വിധി പറയുക.