ആലപ്പുഴ നഗരത്തിന്‍റെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്ന പദ്ധതികളോരോന്നും പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. രണ്ട് പാലവും 12 റോഡുകളും ഉദ്ഘാടനം ചെയ്യുന്നതറിയിച്ച ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ വാക്കുകൾ. ശവക്കോട്ട പാലം, കൊമ്മാടി പാലം, ആലപ്പുഴ കളര്‍കോട് റിംഗ് റോഡ് പദ്ധതിയില്‍ ഉള്‍പ്പെട്ട 12 റോഡുകള്‍ എന്നിവ നാളെ നാടിന് സമര്‍പ്പിക്കുന്നത്.
2016-21 എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, മന്ത്രിമാരായ ഡോ. തോമസ് ഐസക്, ജി സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ വിഭാവനം ചെയ്ത ഈ പ്രവൃത്തികള്‍ സാങ്കേതിക തടസ്സങ്ങളും കോവിഡും കാലാവസ്ഥാവ്യതിയാനങ്ങളും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കാരണം നീണ്ടുപോവുകയായിരുന്നു വെന്ന് മന്ത്രി കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം;
”
രണ്ട് പാലങ്ങളും 12 റോഡുകളും..
ആലപ്പുഴയ്ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഓണസമ്മാനം
ഏഴ് വര്‍ഷക്കാലമായി തുടർച്ചയായി ഭരിക്കുന്ന എല്‍ഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ നാടാകെ വികസമുന്നേറ്റത്തിലാണ്. ആലപ്പുഴ നഗരത്തിന്‍റെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്ന പദ്ധതികളോരോന്നും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. അതില്‍ പ്രധാനപ്പെട്ട ശവക്കോട്ട പാലം, കൊമ്മാടി പാലം, ആലപ്പുഴ കളര്‍കോട് റിംഗ് റോഡ് പദ്ധതിയില്‍ ഉള്‍പ്പെട്ട 12 റോഡുകള്‍ എന്നിവ നാളെ നാടിന് സമര്‍പ്പിക്കുകയാണ്.
2016-21 എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, മന്ത്രിമാരായ ഡോ. തോമസ് ഐസക്, ജി സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ വിഭാവനം ചെയ്ത ഈ പ്രവൃത്തികള്‍ സാങ്കേതിക തടസ്സങ്ങളും കോവിഡും കാലാവസ്ഥാവ്യതിയാനങ്ങളും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കാരണം നീണ്ടുപോവുകയായിരുന്നു.
2021 മെയ് 20 ന് ഈ സര്‍ക്കാര്‍ വന്നതിന് ശേഷം പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ കൂട്ടായ ഇടപെടല്‍ നടത്തിയിരുന്നു.
ഇതിനു വേണ്ടി നിരവധി യോഗങ്ങൾ ഞങ്ങൾ നടത്തി.
എ എം ആരിഫ് എംപി, പി പി ചിത്തരഞ്ജന്‍ എംഎല്‍എ, എച്ച് സലാം എംഎല്‍എ എന്നിവരും ആലപ്പുഴയിലെ രാഷ്ട്രീയപാര്‍ട്ടി നേതൃത്വവും ഈ പദ്ധതികളുമായി ബന്ധപ്പെട്ട് നിരന്തരം ഇടപെട്ടു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഓണസമ്മാനമായി പാലങ്ങളും റോഡുകളും നാടിന് സമര്‍പ്പിക്കാനാകുന്നതിൽ അതിയായ സന്തോഷമുണ്ട്.
അമ്പലപ്പുഴ, ആലപ്പുഴ നിയോജകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് വാട കനാലിന് കുറുകെ നിലവിലുണ്ടായിരുന്ന ശവക്കോട്ട പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിര്‍മ്മിച്ചത്. മനോഹരമായ ഒരു നടപ്പാലവും ഇതോടൊപ്പം നിര്‍മ്മിച്ചിട്ടുണ്ട്. നഗരത്തിന്‍റെ ഹൃദയഭാഗത്ത് പുതിയ പാലവും നടപ്പാലവും വന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതോടൊപ്പം കൊമ്മാടി കൈചൂണ്ടി റോഡില്‍ എംഎസ് കനാലിന് കുറുകെയുണ്ടായിരുന്ന കൊമ്മാടി പാലവും വീതികൂട്ടി പുനര്‍നിര്‍മ്മിച്ചിരിക്കുകയാണ്.
ആലപ്പുഴ ജില്ലയിലെ കണക്ടിവിറ്റി റോഡുകള്‍ നൂതനസാങ്കേതിക വിദ്യകളുടെ സഹായത്തോടെ നവീകരിക്കുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച കണക്ടിവിറ്റി റിംഗ് റോഡ് പദ്ധതിയും പുരോഗമിക്കുകയാണ്. ആലപ്പുഴ കളര്‍കോട് കണക്ടിവിറ്റി റിംഗ് റോഡ് ഫേസ് 4 പൂര്‍ത്തിയായി. ആലപ്പുഴ നഗരത്തിന്‍റെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്ന 12 റോഡുകളാണ് നവീകരണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
ഈ പ്രവൃത്തികളുമായി സഹകരിച്ച എല്ലാവർക്കും പൊതുമരാമത്ത് വകുപ്പിന്റെ പേരിൽ പ്രത്യേക നന്ദി അറിയിക്കുന്നു.. ”