'ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് സംഘപരിവാര്‍ ധരിക്കേണ്ട; കൂടുതല്‍ ആര്‍.എസ്.എസ് നേതാക്കള്‍ സി.പി.ഐ.എമ്മിലേക്കെത്തുമെന്ന് പി. ജയരാജന്‍

സി.പി.ഐ.എമ്മിനെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാകുമെന്ന് വിചാരിക്കേണ്ടെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്. ആര് എസ്.എസിനെ ഒറ്റപ്പെടുത്തണം. കൂടുതല് ആര്‍.എസ്.എസ് നേതാക്കള്‍ പാര്‍ട്ടിയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസിന്റെ രക്ത ദാഹത്തിനു മുമ്പില് കീഴടങ്ങാനാവില്ല, ഞങ്ങള്‍ക്കും ജീവിക്കണം എന്ന മുദ്യാവാക്യം ഉയര്‍ത്തി സി.പി.ഐ.എം പാനൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തല്‍ നടത്തിയ പ്രതിരോധ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യമൂല്യങ്ങളോട് ഒരു മര്യാദയുമില്ലാതെ പ്രവര്‍ത്തിക്കുന്ന ശക്തിയാണ് ആര്‍എസ്എസ്. രാജ്യത്തെ ജനാധിപത്യവാദികളെയാകെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാണ് ശ്രമം. ബൈഠക്കുകളിലും ശിബിരങ്ങളിലും കമ്യൂണിസ്റ്റ് വിരുദ്ധഭ്രാന്തും മതഭ്രാന്തുമാണ് ആര്‍എസ്എസ് പ്രചരിപ്പിക്കുന്നത്. സംഘര്‍ഷമില്ലാത്ത സ്ഥലങ്ങളിലടക്കം മിന്നലാക്രമണം നടത്തുന്നു. മട്ടന്നൂര്‍ അയ്യല്ലൂരിലും ചെണ്ടയാട് കുനുമ്മലിലും പാനൂര്‍ കൂറ്റേരിയിലും നടന്ന അക്രമം അതാണ് വ്യക്തമാക്കുന്നത്. വ്യക്തിത്വവികസനമെന്ന പേരില്‍ നടത്തുന്ന പ്രാഥമിക ശിക്ഷാവര്‍ഗുകളില്‍ ആളെ കൊല്ലാനാണ് പരിശീലനം നല്‍കുന്നത്. അക്രമമല്ല, നാട്ടില്‍ സമാധാനമാണ് വേണ്ടതെന്ന് പി ജയരാജന്‍ പറഞ്ഞു

ജുഡീഷ്യറിയുടെ അപചയം രാജ്യത്തെ ജനാധിപത്യസംവിധാനത്തിന് കടുത്ത ഭീഷണിയാണെന്ന് പറഞ്ഞു. പരമോന്നത നീതിപീഠത്തിലെ നാല് ജഡ്ജിമാര്‍ക്ക് തന്നെ നീതിന്യായവ്യവസ്ഥയിലെ അപചയത്തെക്കുറിച്ച് രാജ്യത്തോട് തുറന്നുപറയേണ്ടിവന്നിരിക്കുന്നു. ഭരണസംവിധാനം ജുഡീഷ്യറിയിലടക്കം ഇടപെടുകയാണ്. ആര്‍എസ്എസ് അക്രമത്തിനെതിരെ പാനൂരില്‍ നടന്ന പ്രതിരോധറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അനുകൂല വിധിയുണ്ടാവുമെന്ന കണക്കുകൂട്ടലില്‍ ചില പ്രത്യേക ബെഞ്ചുകളില്‍ ഹരജികള്‍ എത്തിക്കാനുള്ള ലോബിയിങ്ങുള്‍പ്പെടെ നടക്കുന്നതായാണ് പറയുന്നത്. ജനാധിപത്യ വ്യവസ്ഥ എത്രമാത്രം അപകടം നേരിടുന്നുവെന്നാണിതെല്ലാം വ്യക്തമാക്കുന്നത്. അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് കേട്ട ജഡ്ജി ബി എച്ച് ലോയയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ഹരജി സീനിയര്‍ ജഡ്ജിമാരെ ഒഴിവാക്കി നല്‍കിയതായും പറയുന്നു. ആശങ്ക ഉളവാക്കുന്ന കാര്യങ്ങളാണിതെല്ലാമെന്നും ജയരാജന്‍ പറഞ്ഞു