രാമക്ഷേത്ര വിഷയത്തിൽ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിലപാടിനെ പറ്റി അഭിപ്രായം പറയാനില്ലെന്നും അവർ സ്വതന്ത്രമായി തീരുമാനം എടുക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.വിശ്വാസത്തിനോ ആരാധന സ്വാതന്ത്ര്യത്തിനോ ലീഗ് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടതി വിധി പറഞ്ഞപ്പോൾ പാർട്ടി നിലപാട് പറഞ്ഞതാണ്. അയോധ്യയിൽ ബിജെപി രാഷ്ട്രീയമായി മുതലെടുപ്പ് നടത്തുന്നത് രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിയണം. ഈ പരിപാടിയെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഉദ്ഘാടനം ആക്കി മാറ്റുകയാണ് കേന്ദ്ര സർക്കാർ. പാർലമെന്റ് ഇലക്ഷൻ ലക്ഷ്യം വെച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണമാണിതെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
ഇത് ആരാധനയല്ല, രാഷ്ട്രീയമാണ്. രാഷ്ട്രീയ പാർട്ടികൾ അത് തിരിച്ചറിയണം. അത് അനുസരിച്ച് നിലപാട് എടുക്കണം. തീരുമാനം എടുക്കാനുള്ള ആളുകൾ കോൺഗ്രസിലുണ്ട്. രാഷ്ട്രീയ മുതലടപ്പിനുള്ള ശ്രമം എല്ലാവരും തിരിച്ചറിയണമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.