പാർട്ടിയെ വിശ്വസിച്ചാൽ സംരക്ഷിക്കുമെന്നും ചതിച്ചാൽ ദ്രോഹിക്കുമെന്നുമുള്ള പരാമർശം നാക്കുപിഴയെന്ന് പി.കെ ശശി. മറ്റു രീതിയിൽ വരുന്ന വാർത്തകൾ അതിശയോക്തിപരമാണെന്നും പി.കെ ശശി മാധ്യമങ്ങളോട് പറഞ്ഞു.
പെരുന്നാളിന്റെ തലേദിവസം വീട്ടിൽ നിന്നും പാർട്ടി ഓഫീസിലേക്ക് പോകുന്ന വഴിക്ക് ചില പാർട്ടിക്കാർ തന്നെ വന്നു കണ്ട്കുറച്ചു പേർ മുസ്ലിം ലീഗിൽ നിന്നും വിട്ട് സി.പി.എമ്മിൽ ചേരാനായി എത്തിയിട്ടുണ്ടെന്നും അവരെ കാണണം അവരോടു സംസാരിക്കണം ആത്മവിശ്വാസം നൽകണമെന്നും പറയുകയുണ്ടായി എന്ന് പി.കെ ശശി പറഞ്ഞു.
അവരോടു ആദ്യമേ തന്നെ പറഞ്ഞു ആൾക്കൂട്ടമുണ്ടെങ്കിൽ വരില്ല മാസ്ക് ധരിക്കണം സാമൂഹിക അകലം പാലിക്കണം എന്നെല്ലാം. അങ്ങനെയാണ് അവിടേക്ക് പോകുന്നത്, ആ വീട്ടിൽ ഏതാണ്ട് പതിനാല് പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ,വലിയൊരു ജനക്കൂട്ടമില്ലായിരുന്നു. സംസാരിക്കുന്നതിന്റെ ഇടയിൽ വന്നു പോയൊരു പിഴയാണ് ഒരിക്കലും ആ രീതിയിൽ പറയാൻ ഉദ്ദേശിച്ചിട്ടില്ല. നാക്കുപിഴയിൽ ദുഃഖമുണ്ട്. സി.പി.എം ഒരിക്കലും പ്രതികാരപൂർവ്വം നടപടി സ്വീകരിക്കുന്നൊരു പാർട്ടിയല്ല. അവരുടെ ആത്മവിശ്വാസത്തിന് വേണ്ടി പറഞ്ഞപ്പോൾ പറ്റിയതാണ്. അത് വരാൻ പാടില്ലാത്തതായിരുന്നു, വന്നു പോയി അതിൽ ഖേദിക്കുന്നു എന്നുമാണ് പി.കെ ശശിയുടെ വിശദീകരണം.