കെ.കെ.രമ എം.എല്‍.എയെക്കുറിച്ച് എളമരം കരീം പറഞ്ഞത് നൂറു ശതമാനം ശരിയെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. ആര്‍.എം.പി. ഒഞ്ചിയത്തെ വിപ്ലവ പൈതൃകത്തെ ഒറ്റിക്കൊടുത്തു. വടകരയിലെ എം.എല്‍.എ സ്ഥാനം ഈ ഒറ്റിക്കൊടുക്കലിന് കിട്ടിയ പ്രതിഫലം തന്നെയാണെന്നും മോഹനന്‍ കോഴിക്കോട്ട് പറഞ്ഞു.
ഒഞ്ചിയം മേഖലയില്‍ മാത്രം ഉള്ള ഗ്രൂപ്പ് ആണ് ആര്‍എംപി. കോണ്‍ഗ്രസ്സ് മുഖ്യ ശത്രു എന്നായിരുന്നു ആദ്യം അവരുടെ പ്രഖ്യാപനം. എന്നാല്‍ പിന്നീട് അവര്‍ കോണ്‍ഗ്രസുമായി ധാരണ ഉണ്ടാക്കി തദ്ദേശ സ്ഥാപനങ്ങളില്‍ മത്സരിച്ചു. തുടര്‍ന്ന് അവര്‍ യുഡിഎഫ് പിന്തുണയോടെ ഭരണത്തില്‍ എത്തി. ഇതിന്റെ പരസ്യമായ ധാരണ ആയിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്.
സി.എച്ച് അശോകനെ കള്ളക്കേസില്‍ കുടുക്കിയതാണ്. അദ്ദേഹത്തിന് കോടതി ജാമ്യം നല്‍കിയിട്ടും നാട്ടില്‍ പ്രവേശിപ്പിക്കാന്‍ അന്നത്തെ ഭരണകൂടം അനുവദിച്ചില്ല. സി.എച്ച് അശോകന്‍ ഭരകൂടഭീകരതയുടെ രക്തസാക്ഷിയാണ്. ഓഞ്ചിയം വിപ്ലവത്തെ ഒറ്റിയവരാണ് ആര്‍എംപിക്കാര്‍. മണ്ടോടി കണ്ണന്‍ ഉള്‍പ്പെടെയുള്ള രക്തസാക്ഷികളുടെ പാരമ്പര്യം ആര്‍എംപി കളങ്കപ്പെടുത്തി. ഇത് അവര്‍ക്കുള്ള ഏല്ല കാലത്തെയും കളങ്കമാണ്. ഒഞ്ചിയത്തെ വിപ്ലവ ചരിത്രത്തെ ഒറ്റുകൊടുത്തതിന് യുഡിഎഫ് നല്‍കിയ പരിതോഷികമാണ് ഇപ്പോള്‍ കിട്ടിയ എംഎല്‍എ സ്ഥാനം.
പ്രസ്ഥാനത്തെ ഒറ്റു കൊടുത്തതിനുള്ള പാരിതോഷികമാണ് കെ കെ രമയുടെ എംഎല്‍എ സ്ഥാനമെന്നും അതിനാല്‍ ഇത്തരമൊരു പദവി കിട്ടിയെന്നോര്‍ത്ത് അധികം അഹങ്കരിക്കേണ്ടെന്നുമായിരുന്നു കരീമിന്റെ പ്രസ്താവന. ഒഞ്ചിയത്ത് ചൊവ്വാഴ്ച നടന്ന സി എച്ച് അശോകന്‍ അനുസ്മരണ ചടങ്ങിലായിരുന്നു കെ കെ രമയ്ക്കെതിരെ എളമരം കരീമിന്റെ പരാമര്‍ശം.
ഇതിന് മറുപടിയുമായി എംഎല്‍എ രംഗത്തെത്തിയിരുന്നു. നിയമസഭയില്‍ താന്‍ എടുക്കുന്ന നിലപാടാണ് സിപിഎം നേതാക്കളെ പ്രകോപിപ്പിക്കുന്നത് എന്നായിരുന്നു കെ കെ രമയുടെ മറുപടി.