'തരൂർ നുണയിലൂടെ പൊതുബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്നു': പി രാജീവ്

ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് വ്യവസായ മന്ത്രി പി. രാജീവ്. ഇന്ത്യയിൽ കേരളത്തിലല്ലാതെ മറ്റൊരിടത്തും വ്യവസായികൾ ആത്മഹത്യ ചെയ്യുന്നില്ലെന്നാണ് ശശി തരൂർ പറഞ്ഞത്. കഫേ കോഫിഡേ അദ്ദേഹത്തിനറിയില്ല. ഗൂഗിൾ ചെയ്താൽ കിട്ടുമായിരുന്ന ഒരു കാര്യത്തെക്കുറിച്ച് തെറ്റായി പറഞ്ഞ് പൊതുബോധം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

കെജിഒഎ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ലോകമാകെ അറിയുന്നൊരാൾ തിരുവനന്തപുരത്ത് മത്സരിക്കുന്നുണ്ടായിരുന്നുവെന്നും അയാൾ നുണയിലൂടെ പൊതുബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. ബി എം ഡബ്ല്യു കേരളത്തിൽ ആരംഭിക്കാഞ്ഞത് ഹർത്താൽ കൊണ്ടാണെന്ന് ശശി തരൂർ ഇപ്പോൾ പറയുന്നുവെന്നും മന്ത്രി പറഞ്ഞു. വസ്തുതകൾ വച്ച് സംസാരിക്കാതെ കേരളത്തെ ഇകഴ്ത്തിക്കാണിക്കാനാണ് തരൂർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

“ലോകമാകെ അറിയുന്നൊരാൾ തിരുവനന്തപുരത്ത് മത്സരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു കേരളത്തിലല്ലാതെ ഇന്ത്യയിൽ ഒരു സംസ്ഥാനത്തും വ്യവസായികൾ ആത്മഹത്യ ചെയ്യുന്നില്ല. കർഷകർ ആത്മഹത്യ ചെയ്യുന്നുണ്ട്. അദ്ദേഹം ലോകമാകെ അറിയുന്ന ആളാ. അന്താരാഷ്ട്ര സംഘടനയിൽ പ്രവർത്തിച്ച ആളാ. വെറുതെ ഗൂഗിളിൽ സേർച്ച് ചെയ്തകിട്ടുന്ന കാര്യമാ. കഫേ കോഫിഡേ നമ്മുടെ മുന്നിലില്ലേ. ക്രൈം റെക്കോർഡ്‌സ് ബ്യുറോ അനുസരിച്ച് ആദ്യത്തെ പത്തിലൊന്നും കേരളമില്ല”.-പി രാജീവ് പറഞ്ഞു