പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയിലെ സ്വത്ത് മുഴുവന്‍ മ്യുസിയത്തിലാക്കി പൊതുപ്രദര്‍ശനത്തിന് വെക്കണമെന്നും അതുവഴി സര്‍ക്കാരിന് വന്‍ വരുമാനം ഉണ്ടാക്കാമെന്നുമുള്ള സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്റെയും കോണ്‍ഗ്രസ് എംഎല്‍എആയ എ പി അനില്‍ കുമാറിന്റെയും അഭിപ്രായങ്ങള്‍ ക്ഷേത്രത്തെ വാണിജ്യവല്‍ക്കരിക്കാനുള്ള കച്ചവട മനസിനെയാണ് വെളിപ്പെടുത്തുന്നതെന്ന്
ക്ഷേത്രം ഭരണസമിതിയിലെ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി കുമ്മനം രാജശേഖരന്‍.
പദ്മനാഭസ്വാമി ക്ഷേത്രം ടൂറിസ്റ്റ് കേന്ദ്രമോ വാണിജ്യ സ്ഥാപനമോ അല്ല. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കലവറയിലുള്ളതെല്ലാം ഭഗവാന് ഭക്തിപൂര്‍വ്വം സമര്‍പ്പിച്ചവയാണ്. അവയില്‍ നിന്നും സാമ്പത്തിക ലാഭമുണ്ടാക്കാന്‍ ഭൗതിക ചിന്തയോടെ കുറേ നാളുകളായി കണ്ണും നട്ട് ചിലര്‍ വട്ടമിട്ടു പറക്കുകയാണ്. ക്ഷേത്രഭരണം സര്‍ക്കാരിന് വിട്ടുകിട്ടാന്‍ മുന്‍പ് പലവട്ടം ശ്രമിച്ചിട്ടും നടക്കാതെപോയതില്‍ നിരാശരായവര്‍ കലവറയിലെ കരുതല്‍ ശേഖരത്തില്‍ ഉന്നം വെച്ച് കരുനീക്കങ്ങള്‍ നടത്തുകയാണ്.
കഴിഞ്ഞ ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു സ്വകാര്യ ഹെലികോപ്റ്റര്‍ ക്ഷേത്രത്തിന്റെ മുകളില്‍ കൂടി അഞ്ചുവട്ടം പറന്ന സംഭവം ഭക്തജനങ്ങളില്‍ വളരെയേറെ ഉല്‍കണ്ഠ ഉണ്ടാക്കിയിട്ടുണ്ട്. അത് എന്ത് ആവശ്യത്തിനാണെന്നോ അവരുടെ ലക്ഷ്യം എന്തായിരുന്നെന്നോ അറിയുന്നതിന് വേണ്ട അന്വേഷണങ്ങളൊന്നും മേലധികാരികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല.
ഇപ്പോള്‍ വിവാദം പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കലവറയ്ക്കുള്ളില്‍ ഇരിക്കുന്ന ക്ഷേത്ര സ്വത്തുക്കളിലേക്ക് തിരിഞ്ഞിരിക്കുന്നു.
ഈ സാഹചര്യത്തില്‍ ക്ഷേത്രത്തിന് സുരക്ഷാസന്നാഹങ്ങള്‍ ശക്തിപ്പെടുത്തുവാനും നിതാന്ത ജാഗ്രതയോടെ ക്ഷേത്ര സ്വത്തുക്കള്‍ പരിരക്ഷിക്കുവാനും അടിയന്തിര നടപടികള്‍ സ്വീകരിക്കണം. ക്ഷേത്രത്തിന്റെ ആകാശഭാഗം വ്യോമയാന നിരോധിത മേഖലയാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.